കൊവിഡ് 19: സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കാന്‍ സാധ്യത; ഇന്‍റ‍ർനെറ്റ് സേവനങ്ങളുടെ നിലവാരമുറപ്പാക്കാൻ നടപടിയുമായി സർക്കാർ

0
204

തിരുവനന്തപുരം (www.mediavisionnews.in) : നോവൽ കോറോണ വൈറസ് ( കൊവിഡ് 19) പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻകരുതൽ നടപടികളുടെയും ഭാഗമായി സംസ്ഥാനം ക‌ർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തവേ ഇൻ്റ‍‌ർനെറ്റ് ബാൻഡ് വിഡ്ത്ത് ലഭ്യത ഉറപ്പിക്കാൻ നടപടികളുമായി സർക്കാർ. കൂടുതൽ പേർ ക്വാറൻ്റൈൻ നടപടികളുടെ ഭാഗമായി വീടുകളിൽ ചെലവഴിക്കുന്നത് മൊത്തത്തിലുള്ള ഇന്‍റർനെറ്റ് ഉപഭോഗം വർദ്ധിപ്പിക്കുമെന്നതിനാൽ ബാൻഡ് വിഡ്ത്ത് , കണക്ടിവിറ്റി എന്നിവ ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഇന്നത്തെ വാർത്താ സമ്മേളനത്തിൽ തന്നെ വ്യക്താക്കിയിരുന്നു.

ഇതിൻ്റെ ഭാഗമായി നാളെ ഐടി സെക്രട്ടറി ടെലികോം കമ്പനികളുമായി ചർച്ച നടത്തും. നിലവിലെ ഇന്‍റ‍ർനെറ്റ് ഉപഭോഗത്തിന്‍റെ തോത് പഠിച്ച ശേഷമായിരിക്കും നടപടികൾ സ്വീകരിക്കുക. ഉപഭോഗം വല്ലാതെ കൂടിയാലും കണക്ഷൻ നിലവാരം ഉറപ്പാക്കാൻ വേണ്ട നടപടികളാണ് ആലോചിക്കുന്നത്.

കോച്ചിംഗ് സെന്‍ററുകളടക്കം അടച്ചിരിക്കുന്ന സാഹചര്യത്തിൽ എൻട്രൻസ് പരിശീലന ക്ലാസുകൾ അടക്കം ഓൺലൈനാക്കാൻ ആലോചനകൾ നടക്കുന്നുണ്ട്. കൂടുതൽ പേർ വാർത്തകൾക്കും വിനോദത്തിനും മറ്റും ഇൻ്റർനെറ്റ് സേവനങ്ങളെ ആശ്രയിക്കുമ്പോൾ ഉണ്ടാകുന്ന അധിക ട്രാഫിക് എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നതാണ് വെല്ലുവിളി.

വിവരകൈമാറ്റത്തിനും, ബോധവൽക്കരണത്തിനുമെല്ലാം ഇൻ്റ‍ർനെറ്റ് സേവനങ്ങൾ അവശ്യമാണെന്നിരിക്കെ മികച്ച കണക്ടിവിറ്റി ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനം സാമൂഹ മാധ്യമങ്ങൾ കയ്യടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രായോഗിക തലത്തിൽ ഇതെങ്ങനെ പ്രതിഫലിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here