കോഴിക്കോട് (www.mediavisionnews.in) : കൊവിഡ് 19 പ്രതിരോധത്തില്‍ കേരളത്തെ മാതൃകയാക്കണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംവദിക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ അദ്ദേഹവും മറ്റുള്ളവരും കേരളത്തിന്റെ കൊറോണയ്‌ക്കെതിരായ പോരാട്ടത്തെ മാതൃകയാക്കണം. കേരളം ഇന്നെന്ത് ചിന്തിക്കുന്നുവോ അത് നാളെ ഇന്ത്യ ചിന്തിക്കണം’ , സര്‍ദേശായി പറഞ്ഞു.
കൊവിഡ് 19 ബാധയെ തുടര്‍ന്ന് വെല്ലുവിളി നേരിടുന്ന സംസ്ഥാനത്തെ സാമ്പത്തിക രംഗത്തെ പിടിച്ചു നിര്‍ത്താന്‍ 20000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചത്.
ഏപ്രില്‍ മേയ് മാസങ്ങളിലായി 1000 കോടി വീതമുള്ള ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി നടപ്പാക്കും. ഇതിനായി 2000 കോടി രൂപ മാറ്റി വെയ്ക്കും. നിലവില്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഉപഭോക്താക്കളായവര്‍ക്ക് മാര്‍ച്ചില്‍ തന്നെ പെന്‍ഷന്‍ നല്‍കും.
രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ചായിരിക്കും നല്‍കുകയെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം രാജ്യത്തെ അഭിമുഖീകരിച്ച് സംസാരിച്ച പ്രധാനമന്ത്രി ലോകമഹായുദ്ധകാലത്തെ പോലെയുള്ള പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്ന് പരാമര്‍ശിച്ചു. വൈകീട്ട് അഞ്ചു മണിക്ക് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്നും മോദി പറഞ്ഞിരുന്നു. അഞ്ചു മിനിട്ട് പ്ലേറ്റ് കൂട്ടിയിടിച്ചോ കയ്യടിച്ചോ അഭിനന്ദനം അറിയിക്കണമെന്നുമാണ് മോദി പറഞ്ഞത്.