കൊവിഡ് 19: ഐപിഎൽ മാറ്റിവച്ചു

0
189

മുംബൈ (www.mediavisionnews.in): കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎൽ മാറ്റിവച്ചു. ഏപ്രിൽ 15ലേക്കാണ് ഐപിഎൽ മാറ്റിവച്ചിരിക്കുന്നത്. ഈ മാസം 29ന് മത്സരങ്ങൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് രണ്ടാഴ്ചത്തേക്ക് മാറ്റിയത്. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഇക്കാര്യം അറിയിച്ചു എന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, ഐപിഎൽ മാറ്റിവെക്കില്ലെന്ന് ഗാംഗുലി പറഞ്ഞിരുന്നു. ഈ നിലപാട് മാറ്റിയാണ് അദ്ദേഹം ഐപിഎൽ മാറ്റിവെക്കുകയാണെന്ന് അറിയിച്ചത്.

ജനങ്ങൾ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ ആവണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്പോർട്സ് ഫെഡറേഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടൊപ്പം, കർണാടക, ഡൽഹി, മഹാരാഷ്ട്ര സർക്കാരുകൾ ഐപിഎൽ നടത്താൻ സാധിക്കില്ലെന്ന് അറിയിച്ചതും പുതിയ തീരുമാനം എടുക്കാൻ ബിസിസിഐയെ നിർബന്ധിതരാക്കി.

നേരത്തെ, ഐപിഎല്ലിൽ ഏപ്രിൽ 15 വരെ വിദേശ താരങ്ങൾ ഉണ്ടാവില്ലെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വീസ നിയന്ത്രണങ്ങളെ തുടർന്നാണ് വിദേശ കളിക്കാർ ആദ്യ രണ്ടാഴ്ച ഐപിഎല്ലിൽ കളിക്കില്ലെന്ന റിപ്പോർട്ടുകൾ വരുന്നത്.

ഐപിഎൽ മാറ്റിവെക്കില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. നിശ്ചയിച്ച പ്രകാരം തന്നെ ഐപിഎൽ നടക്കുമെന്നും ബിസിസിഐ വേണ്ട മുൻകരുതൽ എടുക്കുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. ഐപിഎല്ലുമായി ബന്ധപ്പെട്ട കളിക്കാരും കാണികളും അടങ്ങുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് ബിസിസിഐ പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശങ്ങൾ എല്ലാം പാലിക്കുമെന്നും ബിസിസിഐ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here