ദില്ലി: (www.mediavisionnews.in) കൊവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നടപടികളുമായി കേന്ദ്രസർക്കാരും. ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും റദ്ദാക്കി. ഏപ്രിൽ 15 വരെയുള്ള വിസകളാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച രാജ്യങ്ങൾക്ക് മാത്രമായിരുന്നു വിലക്ക്. എന്നാലിത് പുതിയ സാഹചര്യം മനസിലാക്കി നീട്ടുകയായിരുന്നു.
വിസ വിലക്ക് വെള്ളിയാഴ്ച മുതൽ നിലവിൽ വരും. അതേസമയം വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇന്ത്യ നോഡൽ ഓഫീസറെ നിയമിക്കും. നാളെ നടക്കാനിരുന്ന സംസ്ഥാന ധനമന്ത്രിമാരുമായി നടത്താനിരുന്ന ഫിനാൻസ് കമ്മിഷന്റെ യോഗം മാറ്റിവച്ചിട്ടുണ്ട്.
കൊവിഡ് 19 ലോകാരോഗ്യ സംഘടനയാണ് ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത്. നൂറിലധികം രാജ്യങ്ങളിൽ രോഗം പടർന്നു പിടിച്ച സാഹചര്യത്തിലാണ് തീരുമാനം. അത്യന്തം ആശങ്കാജനകമായ സാഹചര്യമാണ് ലോകത്തെന്ന് ലോകാരോഗ്യ സംഘടന വാർത്താക്കുറിപ്പിൽ പറഞ്ഞു. ചൈനക്ക് പുറത്ത് രോഗവ്യാപനം അതിവേഗമെന്ന് ഇതിൽ പറയുന്നു. രണ്ടാഴ്ചക്കിടെ രോഗികളുടെ എണ്ണത്തിൽ 13 മടങ്ങ് വർധനവുണ്ടായെന്നാണ് വിലയിരുത്തൽ.