തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ കൊറോണ പ്രതിരോധ നടപടികള്‍ക്ക് സഹായമേകാന്‍ പ്രത്യേക സന്നദ്ധ സേനയെ രംഗത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് സഹായിക്കാന്‍ പ്രത്യേക സന്നദ്ധ സേനയ്ക്ക് രൂപം നല്‍കാന്‍ പ്രളയത്തിന് ശേഷം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ സേനയാണ് കൊറോണ പ്രതിസന്ധിയിലും സഹായമേകാന്‍ സമൂഹത്തിലേക്കിറങ്ങുന്നത്.
22 മുതല്‍ 40 വയസ് വരെ പ്രായമുള്ള ആളുകളെയാണ് സന്നദ്ധ സേനയായി തയ്യാറാക്കുക. 236,000 പേരടങ്ങുന്നതായിരിക്കും സന്നദ്ധ സേന. സംസ്ഥനത്തെ 941 പഞ്ചായത്തുകളില്‍ 200 പേര്‍ വീതവും 87 മുനിസിപ്പാലിറ്റികളില്‍ 500 പേര്‍ വീതവും ആറ് കോര്‍പ്പറേഷനുകളിലായി 750 പേര്‍ വീതവും അടങ്ങുന്ന പ്രവര്‍ത്തകരാണ് സന്നദ്ധ സേനയിലുണ്ടാവുക.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴിയാണ് ആളുകള്‍ക്ക് സേനയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കുക. സന്നദ്ധ സേന എന്ന വെബ്പേര്‍ട്ടല്‍ വഴിയാണ് രജിസ്ട്രേഷന്‍. സേനയില്‍ അംഗങ്ങളാകുന്ന എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. താത്പര്യമുള്ള യുവജനങ്ങള്‍ ഈ സാഹചര്യത്തിലെ സാമൂഹ്യ ചുമതല ഏറ്റെടുക്കാന്‍ അര്‍പ്പണ ബോധത്തോടെ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ആളുകള്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭക്ഷണം, ഭക്ഷ്യവസ്തുകള്‍ എന്നിവ വീട്ടില്‍ എത്തിച്ചു നല്‍കുന്നതടക്കമുള്ള സഹായങ്ങള്‍ സന്നദ്ധ സേനയിലൂടെ നിര്‍വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു