മംഗളൂരു: (www.mediavisionnews.in) കൊവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരാള്‍ ആശുപത്രിയിൽ നിന്ന് കടന്നു. മംഗളൂരു വെൻലോക് ആശുപത്രിയിലാണ് സംഭവം. വിദേശത്തുനിന്ന് എത്തിയ യുവാവിനെ ഞായറാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾക്കായി തെരച്ചിൽ തുടങ്ങിയെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.
ദുബായിൽ നിന്നെത്തിയ യുവാവിനെയാണ് വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, ഡോക്ടർമാരുടെ നിർദേശം വകവെക്കാതെ രാവിലെ ഇയാൾ കടന്നുകളഞ്ഞതായി കർണാടക ആരോഗ്യവകുപ്പ് പറയുന്നു. കേരള കർണാടക അതിർത്തിയായ തലപ്പാടി സ്വദേശിയാണ് യുവാവ്. ഡോക്ടർമാരുടെ സംഘം ഇയാളുടെ വീട്ടിലെത്തിയെങ്കിലും നാട്ടുകാർ തടഞ്ഞതായി വിവരമുണ്ട്. തുടർന്ന് യുവാവിനെ തിരികെയെത്തിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ മംഗളൂരു സൗത്ത് പൊലീസിന്‍റെ സഹായം തേടിയിരിക്കുകയാണ്.
അതിനിടെ, സംസ്ഥാനത്ത് ഒരു കൊവിഡ് 19 വൈറസ് കൂടി സ്ഥിരീകരിച്ചു. മൂന്ന് വയസ്സുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ആറായി. ഇറ്റലിയിൽ നിന്ന് അച്ഛനും അമ്മക്കും ഒപ്പമാണ് കുട്ടിയെത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതോടെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധക്ക് സ്ഥിരീകരണം ഉണ്ടായത്.