തിരുവനന്തപുരം: (www.mediavisionnews.in) ഇറാനിലും കൊറോണ പടരുന്ന സാഹചര്യത്തില്‍ മലയാളി മല്‍സ്യതൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി കിടക്കുന്നു. തിരുവനന്തപുരം സ്വദേശികളായ 17 പേരാണ് നാട്ടിലേക്ക് തിരിച്ചെത്താനാകാതെ കുടുങ്ങിയത്. നാലുമാസം മുമ്പാണ് ഇവര്‍ മല്‍സ്യബന്ധന വിസയില്‍ ഇറാനിലെത്തിയത്. ആഹാരം പോലും കിട്ടുന്നില്ലെന്നും പരാതിയുണ്ട്.
പൊഴിയൂര്‍, വിഴിഞ്ഞം , മരിയനാട് എന്നിവടങ്ങളില്‍ നിന്നും പോയവരാണ് പുറത്തിറങ്ങാന്‍ കഴിയാതെ കഴിയുന്നത്. ഇറാനിലെ അസലൂരിലാണ് മല്‍സ്യതൊഴിലാളികള്‍ കുടുങ്ങിയത്. മുറിക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. മത്സയത്തൊഴിലാളികള്‍ കരുതി വച്ചിരുന്ന ആഹാരസാധനങ്ങളും കഴിഞ്ഞു.
നാട്ടിലേക്ക് തിരിച്ച് വരാനും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളെ വിവരം അറിയിച്ച് ഇന്ത്യയിലേക്ക് മടങ്ങാനാണ് സ്‌പോണ്‍സര്‍ പറയുന്നതെന്നും മത്സ്യതൊഴിലാളികള്‍ വ്യക്തമാക്കി.
മലയാളികളെ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ളവരടക്കം എണ്ണൂറോളം പേര്‍ ഇറിനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഇറാനില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്നലെ മാത്രം 9 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 43 ആയെന്നും ആരോഗ്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി. പുതുതായി രാജ്യത്ത് 205 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്.