കൊറോണ: നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടിവരും – മുഖ്യമന്ത്രി

0
303

തിരുവനന്തപുരം: (www.mediavisionnews.in) കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്നപക്ഷം സംസ്ഥാനത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശങ്ങളെ അവഗണിച്ച് ചില ആരാധനാലയങ്ങളില്‍ നടന്ന ചടങ്ങുകളെയും നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടന്നതിനെയും സൂചിപ്പിച്ചാണ് കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി നല്‍കിയത്. 

കോവിഡ് വ്യാപനം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് കേരളം. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ മനുഷ്യനെന്ന ഒറ്റച്ചിന്തയില്‍ ഒരുമയോടെയാണ് നാം മുന്നേറുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ മതപരമായ ചടങ്ങുകളിലും പ്രാര്‍ഥനകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന അഭ്യര്‍ഥന വിവിധ സാമുദായിക നേതാക്കള്‍ ഒരു മടിയുമില്ലാതെയാണ് സ്വീകരിച്ചത്. സമൂഹത്തെ മഹാമാരിയില്‍നിന്ന് രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മതനേതാക്കളും ആരാധാനാലയങ്ങളുടെ ചുമതലക്കാരും പങ്കാളികളായി. സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ പരിപാടികളിലും ജാഗ്രതാ നിര്‍ദേശങ്ങളിലും ഇപ്പോഴുള്ള സമീപനം ക്രിയാത്മകമാണ്. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് മതനേതാക്കള്‍ നടത്തിയ ഇടപെടലുകള്‍ ഫലം ഉണ്ടാക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു. 

എന്നാല്‍ ഒരു ഭാഗത്ത് ആരോഗ്യപരമായ രീതിയില്‍ കാര്യങ്ങള്‍ നടക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ ഇടപെടുന്ന ചിലരും സമൂഹത്തിലുണ്ട്. ചിലര്‍ക്ക് വ്യത്യസ്ത നിലപാടാണ് കാണുന്നത്. ചില ആരാധനാലയങ്ങളില്‍ ധാരാളം ആളുകള്‍ എത്തിച്ചേര്‍ന്ന അനുഭവമുണ്ട്. ചില സ്ഥലത്ത് കൂട്ടപ്രാര്‍ഥനകളും ഉത്സവ ആള്‍ക്കൂട്ടങ്ങളുമുണ്ടായി. അത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് ഈ ഘട്ടത്തിലും അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ നിരവധി തവണ അഭ്യര്‍ഥിച്ചതാണ്. ഒരിക്കല്‍ക്കൂടി അഭ്യര്‍ഥന മുന്നോട്ടുവെക്കുകയാണ്. ഇത് പാലിക്കാതിരുന്നാല്‍ വേറെ ഒരു മാര്‍ഗവും സര്‍ക്കാരിന് മുന്നിലില്ല. നാടും സമൂഹവും ജനങ്ങളും ആഗ്രഹിക്കുന്നത് സര്‍ക്കാര്‍ പറയുന്ന രീതിയിലോ, അതിനപ്പുറമോ ആയ രീതിയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകണമെന്നാണ്. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകാതിരുന്നാല്‍ നിരോധനാജ്ഞ ഉള്‍പ്പടെയുള്ള കര്‍ക്കശ നിലപാടുകളെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. 

ആരാധനാലയങ്ങള്‍ ആയാലും ഇനി നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍ സമൂഹത്തിന്റെ ആകെയുള്ള രക്ഷയെ കരുതിയുള്ളതാണെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here