കോഴിക്കോട്: (www.mediavisionnews.in) കോവിഡ് 19 ആശങ്കയിൽ സംസ്ഥാനത്ത് മാറ്റിവച്ചത് ഏപ്രിൽ 15 വരെയുള്ള മൂവായിരത്തോളം വിവാഹങ്ങളും സൽക്കാരങ്ങളും. വാർത്താപത്രങ്ങൾ വിവാഹങ്ങളും സൽക്കാരങ്ങളും മാറ്റിവെച്ചുകൊണ്ടുള്ള പരസ്യങ്ങൾ കൂടുകയാണ്.
ബുക്ക് ചെയ്ത ശേഷം റദ്ദാക്കിയ വിവാഹ സൽക്കാരങ്ങൾ മാത്രം 1800 എണ്ണം വരും. കേറ്ററിങ് സ്ഥാപനങ്ങൾക്കാകെ നേരിട്ടുള്ള നഷ്ടം 15 കോടി രൂപവരും.
കേറ്ററിങ് സ്ഥാപനങ്ങളിൽ ഭക്ഷണം ബുക്ക് ചെയ്തവർ പിന്മാറാൻ തുടങ്ങിയതോടെ ഒന്നര ലക്ഷം തൊഴിലാളികളാണ് ദുരിതത്തിലായത്. അരിയും മറ്റു സാമഗ്രികളും സ്റ്റോക്ക് ചെയ്തത് വെറുതെയായി.
പച്ചക്കറി, പാൽ ഉൽപന്നങ്ങൾ, കോഴിയിറച്ചി എന്നിവയ്ക്ക് ഓർഡർ നൽകിയതും വെറുതെയായി. ജൈവ പച്ചക്കറികൾ മാത്രം ഉപയോഗിക്കുന്ന കേറ്ററിങ് സ്ഥാപനങ്ങൾ വിവാഹ സീസൺ മുന്നിൽകണ്ട് കർഷകർക്ക് നൽകിയ വാക്ക് പാലിക്കാനാവാത്ത അവസ്ഥയിലാണ്.
അൻപതിൽ താഴെ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് മാത്രമേ ഇപ്പോൾ കേറ്ററിങ് സ്ഥാപനങ്ങളുടെ സഹായം തേടുന്നുള്ളൂ. അൻപതിൽ കൂടുതൽ പേർ പങ്കെടുക്കുന്ന സൽക്കാരങ്ങൾക്ക് ഭക്ഷണം നൽകിയാൽ നടപടി നേരിടേണ്ടിവരുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ പ്രതിസന്ധി വീണ്ടും രൂക്ഷമായി. കോഴി ഉൽപന്നങ്ങൾ പലർക്കും വേണ്ടതായി. ആട്ടിറച്ചി, ബീഫ്, മത്സ്യം എന്നിവയ്ക്ക് വില കുതിച്ചുയരുകയും ചെയ്തു.