കാസര്‍കോട്: (www.mediavisionnews.in) കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ കാസര്‍കോട് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവിടെ രോഗം സ്ഥിരീകരിച്ച വ്യക്തിയും നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ പ്രതിസന്ധിയിലാണ് ജില്ലാ ഭരണകൂടം.
കൊവിഡ് 19 നിയന്ത്രണം ലംഘിച്ച് ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കാസര്‍കോട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് കുഡ്‍ലു സ്വദേശി അബ്ദുല്‍ ഖാദറിനെതിരെയാണ് പൊലീസ് കേസെടുത്തത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം പാലിക്കാതെ ഇയാള്‍ കൂടുതല്‍ ആളുകളുമായി അടുത്തിടപഴകിയതായി പൊലീസ് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി സഹകരിക്കുന്നില്ലെന്നാണ് കളക്ടര്‍ പറയുന്നത്. ഇയാള്‍ ശരിയായ വിവരങ്ങള്‍ നല്‍കാതെ കള്ളം പറയുന്നെന്നും ഇത് വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതായും കളക്ടര്‍ വ്യക്തമാക്കി.
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കളക്ടര്‍ നേരിട്ടിറങ്ങിയിരിക്കുകയാണ്. നിയന്ത്രണം ലംഘിച്ച് കടകൾ തുറന്ന പത്തുപേർക്കെതിരെ കേസ് എടുത്തു. ഇനി നിർദ്ദേശങ്ങൾ നൽകുകയല്ല നടപടി എടുക്കുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജില്ലാ കളക്ടര്‍.