എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം, ദല്‍ഹി പൊലീസിന് മാത്രം ഒന്നുമറിയില്ല; രാജ്യസഭയില്‍ അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍

0
194

ന്യൂദല്‍ഹി: (www.mediavisionnews.in) ദല്‍ഹി കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍. ദല്‍ഹി കലാപം മനപ്പൂര്‍വം സംഘടിപ്പിച്ച ഒന്നായിരുന്നുവെന്ന് കപില്‍ സിബല്‍ രാജ്യസഭയില്‍ പറഞ്ഞു.

‘ഡൊണാള്‍ഡ് ട്രംപിന്റെ സ്വാഗത ചടങ്ങും മറ്റ് ആഘോഷങ്ങളും സംഘടിപ്പിച്ചതിന് സമാനമായി സംഘടിപ്പിച്ചതാണ് ദല്‍ഹി കലാപവും. നിങ്ങള്‍ പശുസംരക്ഷണത്തിനായി എല്ലാം ചെയ്യുന്നു. മനുഷ്യജീവന് വേണ്ടി എന്താണ് ചെയ്യുന്നത്. മനുഷ്യരുടെ ജീവന്‍ സംരക്ഷിക്കാന്‍ ഇനി പുതിയ ആര്‍ട്ടിക്കിള്‍ കൊണ്ടുവരണമോ?’, കപില്‍ സിബല്‍ ചോദിച്ചു.

രണ്ട് തരം വൈറസുകളാണ് ഇന്ന് ലോകത്തുള്ളത്. ഒന്ന് കൊവിഡ് 19. രണ്ടാമത്തേത് വര്‍ഗീയ വൈറസ്. എപ്പോഴാണ് ഈ വൈറസ് വ്യാപിക്കുന്നത്, ആരാണ് ഇത് പരത്തുന്നത്- അദ്ദേഹം ചോദിച്ചു.

എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും എന്നാല്‍ ദല്‍ഹി പൊലീസിന് മാത്രം ഒന്നും അറിയില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

നേരത്തെ ദല്‍ഹി കലാപത്തില്‍ പൊലീസ് നടത്തിയ ‘ഇടപെടലിനെ’ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. 36 മണിക്കൂര്‍ കൊണ്ട് 20 ലക്ഷം ജനസംഖ്യയുള്ള പ്രശ്നബാധിത പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ദല്‍ഹി പൊലീസിന് സാധിച്ചെന്ന് അമിത് ഷാ അവകാശപ്പെട്ടിരുന്നു.

കലാപസമയത്ത് ആക്രമണം നടത്തിയവര്‍ക്കെതിരെ 700 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.150 ഓളം ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ആയുധനിയമ പ്രകാരം 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും അമിത് ഷാ ലോക്സഭയെ അറിയിച്ചു.

ദല്‍ഹി കലാപത്തില്‍ പൊലീസ് അനാസ്ഥയെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കെയാണ് പൊലീസിനെ ന്യായീകരിച്ച് അമിത് രംഗത്തെത്തിയിരിക്കുന്നത്. രാജ്യ തലസ്ഥാനത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് ദല്‍ഹി പൊലീസിന് നേരത്തെ തന്നെ സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here