ദില്ലി: (www.mediavisionnews.in) അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കൂപ്പുകുത്തി. വിപണിയില്‍ ആവശ്യം കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് റഷ്യയുമായി മത്സരിച്ച് സൗദി എണ്ണവില കുത്തനെ കുറച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ബ്രന്‍റ് ക്രൂഡ് വില 31.5ശതമാനം(14.25 ഡോളര്‍)ഇടിഞ്ഞ് ബാരലിന് 31.02 ഡോളർ നിലവാരത്തിലെത്തി.
യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില 11.28 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 1991 ജനുവരി 17നുശേഷം ഒറ്റയടിക്ക് ഇത്രയും ഇടിവുണ്ടാകുന്നത് ഇപ്പോഴാണ്. ഒന്നാം ഗള്‍ഫ് യുദ്ധത്തിന്റെ ഭാഗമായാണ് അന്ന് വിലയിടിഞ്ഞത്. 35.75 ഡോളര്‍ നിലവാരത്തിലാണ് അന്ന് വ്യാപാരം നടന്നത്.
ലോകത്തിലെ ഏറ്റവുംവലിയ എണ്ണകയറ്റുമതിക്കാരായ സൗദി അറേബ്യ, രണ്ടാമത്തെ വലിയ ഉത്പാദകരാജ്യമായ റഷ്യയുമായാണ് കടുത്ത മത്സരത്തിലാണിപ്പോള്‍. കൊറോണമൂലമുള്ള ഡിമാന്‍ഡ് കുറവ് പരിഗണിച്ച് ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് നിര്‍ദേശം നൽകിയിരുന്നെങ്കിലും റഷ്യ ഇതിനോട് മുഖം തിരിക്കുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് കേരള വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ ഒന്നരരൂപയോളം പെട്രോള്‍ വിലയില്‍ ഇടിവുണ്ടായി.