തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ്-19 ബാധിച്ചെന്ന വ്യാജപ്രചാരണത്തില്‍ ഒറ്റപ്പെട്ട് തിരുവനന്തപുരം തോട്ടുമുക്കിലെ ഒരു കുടുംബം. ഉംറക്ക് പോയി വന്ന വീട്ടമ്മയെ കോവിഡ് ലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചെന്ന പ്രചാരണം ഈ കുടുംബത്തെ മാത്രമല്ല, ആ പ്രദേശത്തെയാകെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
എന്നത്തേയും പോലെ മീന്‍ വില്‍ക്കാനിറങ്ങിയ അന്‍സാറിന് സ്വന്തം നാട്ടുകാരില്‍ നിന്നുണ്ടായത് ദുരനുഭവം. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലാണെന്ന് നാട്ടിലാകെ പ്രചരിപ്പിക്കപ്പെടുന്ന അന്‍സാറിന്റെ ഉമ്മ നൂര്‍ജഹാനാണ് ഈ ഇരിക്കുന്നത്. ഉംറക്ക് പോയി വന്ന നൂര്‍ജഹാന് ജലദോഷവും ചുമയുമുണ്ടായിരുന്നത് നേര്. മെഡിക്കല്‍ കോളജില്‍ പോയി പരിശോധന നടത്തുകയും പ്രശ്നമൊന്നുമില്ലെന്ന് കണ്ട് മടക്കി അയക്കുകയും ചെയ്തു. പക്ഷെ തെറ്റായ വാര്‍ത്ത പ്രചരിച്ചതോടെ കുടുംബമൊന്നാകെ അപ്രഖ്യാപിത വിലക്ക് നേരിടുകയാണ്.
ഇവര്‍ക്കൊപ്പം ഈ പ്രദേശത്ത് നിന്ന് ഉംറക്ക് പോയി വന്ന മറ്റ് ചിലരെക്കുറിച്ചും സമാനമായ പ്രചാരണം നടക്കുന്നു. ആരോ പടച്ചുവിട്ട വാര്‍ത്ത ഈ ഗ്രാമത്തെയും ബാധിച്ചുതുടങ്ങി.