ഇന്ത്യ ലോകത്തെ ഏറ്റവും സ്വാതന്ത്രം കുറഞ്ഞ ജനാധിപത്യരാജ്യം; കശ്മീരില്‍ സ്വാതന്ത്രമില്ലെന്ന് ഫ്രീഡം ഇന്‍ ദ വേള്‍ഡ് 2020 സര്‍വേ ഫലം

0
209

ന്യദല്‍ഹി: (www.mediavisionnews.in) മോദി ഭരണത്തില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി കരുതപ്പെടുന്ന ഇന്ത്യയിലെ സ്വാതന്ത്രം തകര്‍ന്നടിഞ്ഞെന്ന് സര്‍വ്വേ. ഫ്രീഡം ഇന്‍ ദ വേള്‍ഡ് 2020 സര്‍വേ ഫലത്തിലാണ് ലോകത്തിലെ ഏറ്റവും സ്വാതന്ത്രം കുറഞ്ഞ ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിയത്.

സ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ഈ വര്‍ഷം ലഭിച്ചിരിക്കുന്നത് 83-ാം സ്ഥാനം മാത്രമാണ്. ടുണീഷ്യ ഒഴികെയുള്ള ലോകത്തെ എല്ലാ സ്വതന്ത്ര രാജ്യങ്ങളും ഇന്ത്യയ്ക്ക് മുകളിലാണ്.

രാഷ്ട്രീയാവകാശ വിഭാഗത്തില്‍ ഇന്ത്യ 40 ല്‍ 34 പോയിന്റാണ് നേടിയെങ്കിലും പൗര സ്വാതന്ത്ര്യ വിഭാഗത്തില്‍ 60 ല്‍ 37 പോയിന്റ് മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്. ഇതോടെ രാജ്യത്തിന്റെ മൊത്തം സ്‌കോര്‍ 75 ല്‍ നിന്ന് 71 ലേയ്ക്ക് ഇടിഞ്ഞു.

ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ ഇന്ത്യയെ ഏകാധിപത്യ ഭരണമുള്ള ചൈനയുടെ അവസ്ഥയിലെത്തിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. പൗരത്വ പട്ടിക, പൗരത്വ നിയമ ഭേദഗതി എന്നിവയും ബഹുജനപ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ നേരിട്ട രീതിയുമാണ് ഇന്ത്യയുടെ റാങ്ക് കുറയ്ക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതും ഇന്ത്യയ്ക്ക് തിരിച്ചയിയായി. കശ്മീരില്‍ സ്വാതന്ത്രമില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍പ് ഭാഗികമായി സ്വാതന്ത്ര്യമുള്ളത് എന്നായിരുന്നു കശ്മീരിന്റെ വിശേഷണം.

കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം ഒരു ജനാധിപത്യരാജ്യം നടപ്പാക്കിയ ഏറ്റവും വലിയ ഇന്റര്‍നെറ്റ് നിരോധനമാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. രാജ്യത്ത് മാധ്യമപ്രവര്‍ത്തകരും ഗവേഷകരും മറ്റു വിദഗ്ധരും രാഷ്ട്രീയവിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ വലിയ ആക്രമണം നേരിടുകയാണെന്നും ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഭീഷണിയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

യുഎസ് ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന ഫ്രീഡം ഹൗസ് എന്ന ആഗോള നിരീക്ഷണ സ്ഥാപനമാണ് 50 വര്‍ഷത്തിലധികമായി ആഗോള രാഷ്ട്രീയരംഗത്തെ മാറ്റങ്ങളും പൗരന്മാരുടെ സ്വാതന്ത്ര്യവും സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയുടെ 1948ലെ യൂണിവേഴ്‌സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് അനുസരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. തെരഞ്ഞെടുപ്പുകള്‍, രാഷ്ട്രീയ ബഹുസ്വരത, പങ്കാളിത്തം, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, പൗരസ്വാതന്ത്രം, സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, നിയമവാഴ്ച, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ രാഷ്ട്രീയ സൂചകങ്ങള്‍ ഉപയോഗിച്ച് 195 രാജ്യങ്ങളെ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here