ന്യൂദല്‍ഹി: (www.mediavisionnews.in) പ്രവാസികള്‍ക്ക് ഇന്ത്യയിലെ ബിസിനസില്‍ നിന്നോ തൊഴിലില്‍ നിന്നോ 15 ലക്ഷം രൂപ വരുമാനമുണ്ടാവുകയും മറ്റേതെങ്കിലും രാജ്യത്ത് നികുതി നല്‍കാതിരിക്കുകയും ചെയ്താല്‍ പ്രവാസി എന്ന പദവി എടുത്തുകളയുമെന്ന വ്യവസ്ഥയുമായി പാര്‍ലമെന്റ് ബില്‍ പാസാക്കി.
120 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ചാല്‍ പ്രവാസി പദവി നഷ്ടപ്പെടുന്നതടക്കമുള്ള വ്യവസ്ഥയും ഭേദഗതിയില്‍ നിര്‍ദേശിക്കുന്നു.
വിദേശത്തു നികുതി നല്‍കാത്തവര്‍ക്ക് പ്രവാസി പദവി നഷ്ടമാകുമെന്നായിരുന്നു ആദ്യം വെച്ച നിര്‍ദേശം. എന്നാല്‍ ഇത് വിവാദമായ സാഹചര്യത്തിലാണ് 15 ലക്ഷമെന്ന ഉപാധി കൂടി വെച്ചത്.
ബജറ്റിനൊപ്പം ഫെബ്രുവരി 1ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിന് ധനമന്ത്രി തന്നെ 59 ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നു. ഇവയെല്ലാം അംഗീകരിക്കുകയായിരുന്നു. പാര്‍ലമെന്റിന്റെ ഇരു സഭകളും ചര്‍ച്ചയില്ലാതെയാണ് ബില്‍ പാസാക്കിയത്.
അതേസമയം ലോക്‌സഭയില്‍ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ പ്രതിവര്‍ഷം താമസിക്കാവുന്ന ദിവസപരിധി 182 ദിവസമായി ഉയര്‍ത്തണമെന്ന എന്‍. കെ പ്രേമചന്ദ്രന്റെയടക്കം നിര്‍ദേശങ്ങള്‍ തള്ളുകയും ചെയ്തു.
പല ആവശ്യങ്ങള്‍ക്കുമായി വിദേശത്തേക്ക് ബാങ്കുകളും മറ്റും നല്‍കുന്ന പണം 7 ലക്ഷംരൂപ വരെയാണെങ്കില്‍ സ്രോതസ്സില്‍ 5 ശതമാനം നികുതി ഈടാക്കേണ്ടതില്ലെന്നും പാസാക്കിയിട്ടുണ്ട്. അതേസമയം 7 ലക്ഷത്തില്‍ കൂടുതലുള്ള വിദേശത്തേക്കുള്ള പഠന വായ്പയാണെങ്കില്‍ 1.5 ശതമാനം ആയിരിക്കും നികുതിയടക്കേണ്ടി വരിക.
ബാങ്കുകളില്‍ നിന്നോ സഹകരണസംഘം, പോസ്റ്റ് ഓഫീസ് തുടങ്ങിയവയില്‍ നിന്നോ ഒന്നോ രണ്ടോ അതിലധികമോ അക്കൗണ്ടുകളില്‍ നിന്ന് മുന്‍വര്‍ഷത്തില്‍ 1 കോടി രൂപയില്‍ കൂടുതല്‍ പണമായി പിന്‍വലിച്ചവരില്‍ നിന്ന് 2 ശതമാനം ആദായ നികുതി ഈടാക്കാനും തീരുമാനമായിട്ടുണ്ട്.