കോഴിക്കോട്(www.mediavisionnews.in): ജനസമ്പർക്കം വിലക്കി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂട്ടംചേർന്നുള്ള ആരാധനകളൊന്നും നടത്താൻ പാടില്ലെന്നും വെള്ളിയാഴ്ച ജുമുഅ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളിൽ നിർവ്വഹിക്കേണ്ടതില്ലെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (കാന്തപുരം വിഭാഗം) പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
അടിയന്തരഘട്ടങ്ങളിൽ കുറഞ്ഞ ആളുകളെ കൊണ്ട് ജുമുഅ നിസ്‌കാരം നിർവ്വഹിക്കുക എന്ന രീതിയും ഈ സാഹചര്യത്തിൽ പാടില്ല. നമ്മുടെ ശരീരത്തെ അപകടകരമായ അവസ്ഥയിലേക്ക് വിട്ടുകൊടുക്കരുതെന്ന് ഖുർആൻ കൽപ്പിക്കുന്നുണ്ട്. അതിനാൽ, സർക്കാർ നിർദേശിച്ച പ്രകാരം വീടുകളിൽ ഒതുങ്ങിയിരിക്കുകയും പുറമേക്കുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കുകയും വേണം. വിശ്വാസികൾ വീടുകളിലിരുന്നുകൊണ്ട് ആരാധനകളിൽ സജീവമാവുകയും കൊറോണ മഹാമാരിയിൽ നിന്ന് രക്ഷനേടാൻ പ്രാർത്ഥനാ നിരതരാവുകയും ചെയ്യേണ്ടതാണ് – നേതാക്കൾ പറഞ്ഞു.