ദുബായ്: (www.mediavisionnews.in) കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ പള്ളികളിലെ നിസ്ക്കാരം, വെള്ളിയാഴ്ച നിസ്ക്കാരം, ഈദ് നമസ്ക്കാരം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി യുഎഇയുടെ ശരീഅത്ത് കൗൺസിൽ ചൊവ്വാഴ്ച ഫത്‌വ പുറപ്പെടുവിച്ചു. രോഗാണുക്കളും വൈറസും പടരാതിരിക്കാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും മൂടുക എന്നതുൾപ്പെടെയുള്ള അധികാരികൾ നൽകുന്ന എല്ലാ നിർദ്ദേശങ്ങളും പൊതുജനങ്ങൾ പാലിക്കണമെന്ന് ഫത്‌വ വ്യക്തമാക്കി.
“കോവിഡ് -19 ബാധിച്ചതായി സംശയിക്കുന്നവർ ഐസൊലേഷനിൽ കഴിയുകയും ആരോഗ്യ പ്രവർത്തകർ തയ്യാറാക്കിയ ചികിത്സാ പരിപാടി പിന്തുടരുകയും വേണം”.
മുതിർന്ന പൗരന്മാർക്കും പ്രായപൂർത്തിയാകാത്തവർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ദുർബലമായ രോഗപ്രതിരോധ ശേഷി എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും പള്ളികളിലെ പ്രാർത്ഥനകൾ, ഈദ് പ്രാർത്ഥനകൾ എന്നിവയിൽ പങ്കെടുക്കാതിരിക്കാനും നിർദേശമുണ്ട്. ഇത്തർക്കാർ വീടുകളിൽ നിസ്ക്കരിച്ചാൽ മതിയെന്നും ഫത്‌വ വ്യക്തമാക്കുന്നു.
രോഗം പരിമിതപ്പെടുത്താനും ഇല്ലാതാക്കാനും എല്ലാവരും ശരീഅത്ത് അനുസരിച്ച് യോഗ്യതയുള്ള അധികാരികളുമായി സഹകരിക്കുകയും ചെയ്യണമെന്ന് കൗൺസിൽ ഊന്നിപ്പറഞ്ഞു. അഭ്യൂഹങ്ങൾ പടർത്താതിരിക്കാൻ ശ്രദ്ധിക്കണം. ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച് മാത്രമെ പ്രവർത്തിക്കാവൂവെന്നും നിർദേശമുണ്ട്. ആവശ്യമായ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും ലഭ്യമാക്കണം. ഇവ പൂഴ്ത്തിവെക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.