പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത പോളിഷ് വിദ്യാര്‍ത്ഥിയോട് രാജ്യം വിടാനാവശ്യപ്പെട്ട് കേന്ദ്രം നല്‍കിയ നോട്ടീസ് സ്‌റ്റേ ചെയ്ത് കോടതി

0
193

കൊല്‍ക്കത്ത: (www.mediavisionnews.in) പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വിദേശ വിദ്യാര്‍ത്ഥിയോട് രാജ്യം വിടാന്‍ നിര്‍ദേശിച്ച കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ് കോടതി സ്റ്റേ ചെയ്തു. കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് സഭ്യസാചി ഭട്ടാചാര്യ ആണ് നോട്ടീസ് സ്‌റ്റേ ചെയ്തത്. മാര്‍ച്ച് 18 ന് ഈ വിദ്യാര്‍ത്ഥിയുടെ പരാതി കോടതി പരിഗണിക്കുന്നതുവരെയാണ് സ്റ്റേ. ഫോറിനേര്‍സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് ( എഫ്.ആര്‍.ആര്‍.ഒ) യില്‍ നിന്നാണ് വിദ്യാര്‍ത്ഥിക്ക് നോട്ടീസ് ലഭിച്ചത്.

കമില്‍ സൈദ്‌സിന്‍സ്‌കി എന്ന പോളണ്ട്കാരനായ വിദ്യാര്‍ത്ഥിക്കാണ് രാജ്യം വിടാന്‍ കേന്ദ്രം നോട്ടീസ് നല്‍കിയത്. ജാദവ്പൂര്‍ സര്‍വകലാശാലയില്‍ കംപാരിറ്റീവ് ലിറ്ററേച്ചര്‍ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം. ഫെബ്രുവരി 14 ന് ലഭിച്ച നോട്ടീസില്‍ 14 ദിവസത്തിനകം ഇന്ത്യ വിടണമെന്നാണ് നിര്‍ദ്ദേശം.

ഇത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. വിദേശിയായ വിദ്യാര്‍ത്ഥിക്ക് ഇന്ത്യയില്‍ നടപ്പിലാക്കുന്ന ഒരു നിയമത്തിനെതിരെ പ്രതിഷേധിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ ഭാഗം വാദിച്ചത്.

എന്നാല്‍ പ്രതിഷേധപരിപാടി നടത്തിയ വിദ്യാര്‍ത്ഥികളോടൊപ്പം താന്‍ പങ്കെടുത്തിരുന്നെന്നും ഒരു ആകാംക്ഷയുടെ പുറത്ത് പങ്കെടുത്തതാണെന്നുമാണ് വിദ്യാര്‍ത്ഥി പറയുന്നത്. പ്രതിഷേധ പരിപാടി സമാധാനപരമായിരുന്നെന്നും വളരെ പെട്ടന്ന് തന്നെ വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞു പോയെന്നും വിദ്യാര്‍ത്ഥി പറയുന്നു.

ഇതിനിടെ ഒരാള്‍ വന്ന് തന്നോട് കുറച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും ഫോട്ടോ എടുക്കുകും ചെയ്തു. പിന്നീടാണ് ഫോട്ടോ എടുത്തയാള്‍ ഒരു മാധ്യമപ്രവര്‍ത്തകനാണെന്ന് മനസ്സിലായതെന്നും വിദ്യാര്‍ത്ഥി പറയുന്നു. ഈ മാധ്യമപ്രവര്‍ത്തകന്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥി പറയുന്നു.

ഒപ്പം യൂണിവേര്‍സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ്, ഇന്റര്‍നാണല്‍ കണ്‍വെന്‍ഷന്‍ ഓഫ് സിവില്‍ ആന്‍ഡ് പൊളിറ്റിക്കല്‍ റൈറ്റ്‌സ് എന്നീ ആഗോള നിയമ പ്രകാരം തനിക്ക് നീതി ലഭിക്കണമെന്നുമാണ് ഇയാള്‍ ഹരജിയില്‍ പറഞ്ഞത്. അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ കമില്‍ സൈദ്‌സിന്‍സ്‌കിന്റെ പരീക്ഷകള്‍ ആഗസ്റ്റില്‍ നടക്കാനിരിക്കെയാണ് രാജ്യം വിടാന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here