ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് സമര്‍പ്പിച്ച ഹരജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി. ഹരജികള്‍ ഉടന്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കബില്‍ സിബല്‍ മുഖേന ലീഗ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഹരജികളില്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി കേന്ദ്രത്തിന് അനുവദിച്ച സമയം ഫെബ്രുവരി 25ന് അവസാനിച്ചിരുന്നു. എന്നിട്ടും ഹരജി പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് കബില്‍ സിബല്‍ ഹരജി കോടതിയില്‍ മെന്‍ഷന്‍ ചെയ്തത്. മാര്‍ച്ച് ഒമ്പത് മുതല്‍ 16 വരെയാണ് ഹോളി അവധി.
രണ്ട് ദിവസത്തിനകം കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ജനുവരി 22നാണ് കോടതി ഹരജി പരിഗണിച്ചത്. പൗരത്വനിയമത്തിനെതിരെ 140 ഹരജികളാണ് കോടതിയിലെത്തിയത്. ഹരജികളില്‍ വിശദീകരണം നല്‍കാന്‍ നാലാഴ്ച സമയമാണ് കോടതി കേന്ദ്രസര്‍ക്കാറിന് നല്‍കിയത്. ആവശ്യമെങ്കില്‍ ഹരജികള്‍ ഭരഘടനാ ബെഞ്ചിന് വിടുമെന്ന് കോടതി പറഞ്ഞിരുന്നു.