ന്യൂഡല്‍ഹി: (www.mediavisionnews.in) കേന്ദ്രമന്ത്രി വി മുരളീധരന് കൊവിഡ് 19 വൈറസ് ബാധയില്ലെന്ന് പരിശോധന ഫലം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് മുരളീധരനെ പരിശോധനയ്ക്ക് വിധേയനാക്കിയത്.
ശനിയാഴ്ചയാണ് വി മുരളീധരന്‍ ഡോക്ടറുമായി യോഗത്തില്‍ പങ്കെടുത്തത്. യോഗത്തിന് ശേഷമാണ് ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മന്ത്രിയെ പരിശോധനയ്ക്ക് വിധേയനാക്കിയത്. സ്‌പെയിനിലേക്ക് പരിശീലനത്തിന് പോയി തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇദ്ദേഹം ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വിദേശത്ത് നിന്നെത്തിയശേഷം ഇദ്ദേഹം മൂന്നുദിവസം ശ്രീചിത്ര ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നു. അതിനാലാണ് 47 ഡോക്ടര്‍മാരേയും ആശുപത്രി ജീവനക്കാരേയും നിരീക്ഷണത്തിലാക്കിയത്. ഇയാള്‍ ജോലി ചെയ്തിരുന്ന റേഡിയോളജി ലാബ് അടച്ചു.