മുംബൈ (www.mediavisionnews.in): കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി ബിസിസിഐ. ഇന്ത്യയില്‍ എല്ലാ ആഭ്യന്തരമത്സരങ്ങളും നിര്‍ത്തിവെച്ചതായി ബിസിസിഐ പ്രഖ്യാപിച്ചു. ഐപിഎല്‍ നീട്ടിവെച്ചതിനു പിന്നാലെയാണ് ആഭ്യന്തരമത്സരങ്ങള്‍ നിര്‍ത്തി വെയ്ക്കുന്നതായി ബിസിസിഐ അറിയിച്ചത്.
ഇറാനി കപ്പ്, വനിതാ ഏകദിന ചലഞ്ചര്‍ ട്രോഫി, വനിതാ അണ്ടര്‍ 19 നോക്കൗട്ട് ടൂര്‍ണമെന്റ്, വനിതാ അണ്ടര്‍ 19 ടി-20 ലീഗ്, സൂപ്പര്‍ ലീഗ് & നോക്കൗട്ട്, വനിതാ അണ്ടര്‍ 19 ടി20 ചലഞ്ചര്‍ ട്രോഫി, വനിതാ അണ്ടര്‍ 23 നോക്കൗട്ട്, വനിതാ അണ്ടര്‍ 23 ഏകദിന ചലഞ്ചര്‍ ട്രോഫി എന്നിവയാണ് ഇപ്പോള്‍ മാറ്റിവെയ്ക്കപ്പെട്ട ടൂര്‍ണമെന്റുകള്‍.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ടൂര്‍ണമെന്റുകള്‍ നടത്തില്ലെന്ന് ബിസിസിഐ അറിയിച്ചു. ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന ഒരു കായികമത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ ആവണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഏപ്രില്‍ 15-ലേക്കാണ് ഐപിഎല്‍ മാറ്റിവെച്ചിരിക്കുന്നത്. ഈ മാസം 29-ന് മത്സരങ്ങള്‍ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് രണ്ടാഴ്ചത്തേക്ക് മാറ്റിയത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും റദ്ദാക്കിയിരുന്നു. ഐഎസ്എല്‍ ഫൈനല്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തിയത്.