കൊവിഡ് ജാഗ്രത; സൗദി അറേബ്യയില്‍ പള്ളികളിലെ ക്ലാസുകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും വിലക്ക്

0
220

റിയാദ്: കൊറോണ വൈറസിനെതിരായ ജാഗ്രതയുടെ ഭാഗമായി സൗദി അറേബ്യയില്‍ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ, ഖുര്‍ആന്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം. രാജ്യത്തെ എല്ലാ പള്ളികളിലും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഇസ്ലാമികകാര്യ വകുപ്പ് നിര്‍ദേശം നല്‍കി. പള്ളികളില്‍ നടക്കാറുള്ള പ്രഭാഷണങ്ങള്‍ക്കും ക്ലാസുകള്‍ക്കും ശില്‍പശാലകള്‍ക്കുമൊക്കെ നിയന്ത്രണം ബാധകമാണ്.

മക്കയിലെ പബ്ലിക് ലൈബ്രറി, ഹറം എക്സിബിഷന്‍, കിസ്‍വ നിര്‍മാണ ഫാക്ടറി എന്നിവയും താത്കാലികമായി അടച്ചു. രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അനിശ്ചിതകാല അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ലബനാന്‍, സിറിയ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ് എന്നീ രാജ്യങ്ങളുമായുള്ള കര, വ്യോമ, കടൽ മാർഗങ്ങളിലൂടെയുള്ള ഗതാഗത ബന്ധവും സൗദി അറേബ്യ വിച്ഛേദിച്ചിരിക്കുകയാണ്.

സൗദിയില്‍ 15 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. തലസ്ഥാനമായ റിയാദില്‍ ആദ്യ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇറ്റലി സന്ദര്‍ശിച്ച യുഎസ് പൗരനാണ് റിയാദില്‍ ചികിത്സയിലുള്ളത്. രണ്ട് പേര്‍ ഇറാഖില്‍ നിന്നെത്തിയ ബഹ്റൈന്‍ വനിതകളാണ്. കൊറോണ ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളാണ് നാലാമത്തെയാള്‍. ഈ മൂന്ന് കേസുകളും കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫിലാണ്. ഭൂരിഭാഗം രോഗികളുമുള്ള ഖത്തീഫിലേക്ക് ആര്‍ക്കും നിലവില്‍ പ്രവേശനമില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here