ഡല്‍ഹി: (www.mediavisionnews.in) മലേറിയ രോഗത്തിന് നൽകുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാൻ അനുമതി നൽകി ഡ്രഗ് കൺട്രോൾ വിഭാഗം. മരുന്ന് ആവശ്യത്തിന് സ്റ്റോക് ചെയ്തിട്ടുണ്ടെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറലും അറിയിച്ചു.
കൊവിഡ് രോഗമുള്ളവരെയോ രോഗം സംശയിക്കുന്നവരെയോ ചികിത്സിക്കുന്നവര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട് ക്വാറന്‍റൈനിൽ തുടരുന്നവര്‍ എന്നിവര്‍ക്ക് പ്രതിരോധ മരുന്ന് എന്ന നിലയിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കാം.
മലേരിയാ രോഗത്തിന് ചികിത്സക്കും മുൻകരുതലായും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. സാര്‍സ് പടര്‍ന്ന് പിടിച്ചിരുന്ന സമയത്തും മരുന്ന് ഫലം ചെയ്ത മുന്നനുഭവം കൂടി കണക്കിലെടുത്താണ് ശുപാര്‍ശ. പതിനഞ്ച് വയസ്സിന് താഴെ ഉള്ളവര്‍ക്കും കണ്ണുമായി ബന്ധപ്പെട്ട അസുഖം ഉള്ളവരും മരുന്ന് ഉപയോഗിക്കരുത്. രോഗ സാധ്യതയുള്ളവര്‍ പ്രതിരോധ മരുന്ന് കഴിച്ച ശേഷവും ക്വാറന്‍റൈൻ തുടരണം.