കൊച്ചി വെടിവെപ്പുകേസിനു പുറമേ കാസർകോട്ടെ 2 കേസുകൾ സമ്മതിച്ച് അധോലോക കുറ്റവാളി രവി പൂജാരി

0
246

കാസർകോട്: (www.mediavisionnews.in) കൊച്ചി കടവന്ത്ര ബ്യൂട്ടി സലൂൺ വെടിവയ്പ് കേസിനു പുറമേ, കാസർകോട് ജില്ലയിലെ 2 കേസുകളിൽ കൂടി അധോലോക കുറ്റവാളി രവി പൂജാരിക്കു ബന്ധമുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. 2010ലെ ബേവിഞ്ച വെടിവയ്പു കേസിലും 2013 ലെ മറ്റൊരു കേസിലും രവി പൂജാരി പങ്കു വെളിപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി. പറഞ്ഞു.

ഈ മൂന്നു കേസുകളാണു രവി പൂജാരിക്കെതിരെ കേരളത്തിൽ നിലവിൽ റജിസ്റ്റർ ചെയ്യുന്നത്. രവി പൂജാരിയെ പ്രതി ചേർക്കാതെ ഈ കേസുകളിൽ ഇതിനകം കുറ്റപത്രം സമർപ്പിച്ചെങ്കിലും തുടരന്വേഷിക്കും. രവി പൂജാരിയും കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുളള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുകയാണ്.

പൂജാരിയിൽ നിന്നു സംസ്ഥാനത്തെ 2 പൊലീസ് ഉദ്യോഗസ്ഥർ പണം വാങ്ങിയെന്ന ആരോപണം നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.‌ ആരോപണം ഗൗരവത്തോടെയാണ് പൊലീസ് കാണുന്നതെന്നും തച്ചങ്കരി വ്യക്തമാക്കി. ‌കാസർകോട്ടെ ഡോൺ തസ്‌ലിമിന്റെ കൊലപാതകത്തിൽ രവി പൂജാരിക്കു പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

നേരത്തേ കാസർകോട് ജില്ലയിലെ ഒരു ഗുണ്ടാ നേതാവിനെ കൊലപ്പെടുത്താൻ രവി പൂജാരി ക്വട്ടേഷൻ നൽകിയതു തസ്‌ലിം ഉൾപ്പെട്ട സംഘത്തിനായിരുന്നുവെന്നു സൂചനകളുണ്ട്. എന്നാൽ ഈ കാര്യങ്ങളിൽ ഇതുവരെ കേരള പൊലീസിനു വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. നിലവിൽ ബെംഗളൂരു പൊലീസിന്റെ കസ്റ്റഡിയിലുള്ള രവി പൂജാരിയെ കേരള പൊലീസ് അവിടെയെത്തി ചോദ്യം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here