ന്യൂദല്‍ഹി: (www.mediavisionnews.in) വിമാന യാത്രയിൽ ഇന്റർനെറ്റ് സേവനമില്ലെന്ന് കരുതി ദുഃഖിക്കുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. വിമാന യാത്രയിൽ ഇനി സാധാരണ പോലെ മൊബൈലിലോ ലാപ്‌ടോപിലോ ഇന്റർനെറ്റ് സേവനം ലഭ്യമാകും. ഭൂമിയിൽ നടക്കുന്ന വിവരങ്ങൾ അറിയാതെ ആകാശ യാത്രകളിൽ ബോറടിച്ചിരിക്കുന്ന യാത്രക്കാർക്ക് ലോകവുമായി കണക്ട് ആയിരിക്കാൻ ഇനി ഫ്‌ളൈറ്റിലിരുന്നും സാധിക്കും.
വൈഫൈ മുഖേനെ ആയിരിക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഫ്‌ളൈറ്റ് മോഡിൽ അല്ലെങ്കിൽ എയ്‌റോപ്ലെയ്ൻ മോഡിൽ ഇട്ടിരിക്കുന്ന ഉപകരണങ്ങളിൽ ഇനി വൈഫൈ ലഭ്യമാകും. ലാപ്‌ടോപ്പ്, ടാബ്ലെറ്റ്, സ്മാർട് വാച്ച്, ഇ- റീഡർ തുടങ്ങിയവ ഇനി ഇന്റർനെറ്റ് സേവനത്തോട് കൂടി വിമാനത്തിൽ ഉപയോഗിക്കാം. വിമാനത്തിലെ പൈലറ്റിനായിരിക്കും ഇന്റർനെറ്റ് യാത്രക്കാർക്ക് അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകുക.
വിമാന യാത്രയിൽ വൈ-ഫൈ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇന്ന് പുറത്തിറങ്ങി. നേരത്തെ വിമാനം പറന്ന് ഉയരാൻ തുടങ്ങുന്നത് വരെയും ലാന്റ് ചെയ്തതിനും ശേഷവും മാത്രമേ മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളൂ. വിമാനക്കമ്പനികളാണ് യാത്രക്കാർക്ക് വൈഫൈ ലഭ്യമാക്കേണ്ടത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ വിമാന കമ്പനികൾക്ക് ഇത് ബാധകമാകും.
വിസ്താര എയർലൈൻസ് വിമാനങ്ങളിൽ കഴിഞ്ഞ മാസം മുതൽ സൗജന്യ വൈഫൈ ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ആദ്യ ബോയിംഗ് 787-9 വിമാനം എവറെറ്റിൽ വച്ച് വാങ്ങിയപ്പോൾ വിസ്താര സി ഇ ഒ ലെസ്ലി തങ്ഗ് മാധ്യമങ്ങളോട് പറഞ്ഞത് ആദ്യമായി ഇന്ത്യയിൽ ഈ വിമാനമായിരിക്കും ഉപഭോക്താക്കൾക്ക് യാത്ര ചെയ്യുമ്പോഴും വൈഫൈ സേവനം ലഭ്യമാക്കുകയെന്നാണ്.