ബെംഗളൂരു (www.mediavisionnews.in) : ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തിരിച്ചടിയാകുന്ന തീരുമാനവുമായി കര്‍ണാടക സര്‍ക്കാര്‍. കൊവിഡ്-19 കര്‍ണാടകയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഐ.പി.എല്‍ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് കത്തെഴുതി. ബെംഗളൂരുവില്‍ ഐ.പി.എല്‍ നടത്താനാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ നിലപാട് എടുത്തിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഐ.പി.എല്‍ മാറ്റിവെയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസം ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനുള്ള സാധ്യതകളും ബി.സി.സി.ഐ പരിഗണിക്കുന്നുണ്ട്. ഇതിനിടയിലാണ് കര്‍ണാടക സര്‍ക്കാര്‍ മത്സരങ്ങള്‍ നടത്താനാവില്ലെന്ന നിലപാടുമായി രംഗത്തുവന്നത്.
ഐ.പി.എല്‍ മാറ്റിവെയ്ക്കുന്നത് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കും എന്നതാണ് ബി.സി.സി.ഐ നേരിടുന്ന വെല്ലുവിളി. മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിനായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് അഞ്ച് വര്‍ഷത്തേക്ക് 16000 കോടി രൂപയാണ് ബി.സി.സി.ഐയ്ക്ക് നല്‍കിയിട്ടുള്ളത്. മാത്രമല്ല, മത്സരങ്ങള്‍ മാറ്റിവെയ്ക്കുന്നത് പരസ്യവരുമാനത്തേയും ബാധിക്കും. മാര്‍ച്ച് 29-ന് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തോടെയാണ് ഐ.പി.എല്‍ സീസണിന് തുടക്കമാകുക.