അടച്ചുപൂട്ടി കേരളം; ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇങ്ങനെ: അറിയേണ്ടതെല്ലാം

0
187

തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം ലോക്ക് ഡൗണിൽ (അടച്ചിടൽ). തിങ്കളാഴ്ച അർധരാത്രി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 31 വരെയാണ് ലോക്ഡൗൺ. അവശ്യസാധനങ്ങളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ 5 വരെ പ്രവർത്തിക്കും. കാസർകോട് ജില്ലയിൽ രാവിലെ 11 മുതൽ വൈകിട്ട് 5 വരെയായിരിക്കും പ്രവർത്തനം. ബാറുകൾ പ്രവർത്തിക്കില്ല. ബവ്റിജസ് ഔട്ട്ലറ്റുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും; സമയത്തിലും ക്രമീകരണങ്ങളിലും മാറ്റമുണ്ടാകും.

ബാങ്കുകൾ രണ്ടു മണിവരെ പ്രവർത്തിക്കും. സംസ്ഥാന അതിർത്തി അടയ്ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. പെട്രോൾ പമ്പും ആശുപത്രിയും പ്രവർത്തിക്കും. പൊതുയിടങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല. സർക്കാർ ഓഫിസുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. ഓഫിസുകളിൽ അത്യാവശ്യ ജീവനക്കാർ മാത്രമേ ഉണ്ടാകൂ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും ഒഴികെ മറ്റെല്ലാ കടകളും അടയ്ക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. വീടുകളിൽ ഭക്ഷണ വിതരണം അനുവദിക്കും. സാധനങ്ങൾ വാങ്ങാന്‍ ഇറങ്ങുമ്പോൾ ശാരീരിക അകലം പാലിക്കണം.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കി. വെള്ളം, വൈദ്യുതി, അവശ്യ സാധനങ്ങൾ, ടെലികോം എന്നിവ തടസമില്ലാതെ ജനങ്ങൾക്ക് ലഭിക്കും. അതിഥി തൊഴിലാളികൾക്ക് ക്യാംപുകൾ ഒരുക്കും. നിരീക്ഷണത്തിലുള്ളവർക്ക് വീടുകളിൽ ഭക്ഷണം എത്തിക്കും. ഉംറ കഴിഞ്ഞുവന്നവരും വിദേശത്തുനിന്ന് നേരത്തെ വന്നവരും ജില്ലാ ഭരണകൂടത്തെ അറിയിക്കണം. അവരെ അറിയുന്നവരും അധികൃതരെ വിവരം അറിയിക്കണം. മാധ്യമപ്രവർത്തകർക്ക് വാർത്ത ശേഖരിക്കാനുള്ള സൗകര്യം അനുവദിക്കും.

ഗതാഗതം നിര്‍ത്തും
∙ പൊതുഗതാഗതം നിര്‍ത്തും, അതിര്‍ത്തികള്‍ അടയ്ക്കും
∙ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും; കര്‍ശനപരിശോധന

വീട്ടിലിരിക്കാത്തവരെ പിടികൂടും
∙ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ്; കനത്ത പിഴ
∙ ഫോണ്‍ ലൊക്കേഷന്‍ നിരീക്ഷിക്കും; പട്ടിക അയല്‍വാസികള്‍ക്ക് നല്‍കും
∙ ആള്‍ക്കൂട്ടം അനുവദിക്കില്ല
∙ ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ 144 പ്രഖ്യാപിക്കും

നോട്ടുകള്‍ അണുവിമുക്തമാക്കും
∙ കറന്‍സി നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കും
∙ റിസര്‍വ് ബാങ്കിന്റെ സഹായം തേടും

കോവിഡ് ആശുപത്രി
∙ ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും ചേര്‍ന്ന് എല്ലാ ജില്ലകളിലും കോവിഡ് ആശുപത്രികള്‍ തുറക്കും

പിരിവുകള്‍ നിര്‍ത്തി
∙ മൈക്രോഫിനാന്‍സ് അടക്കം വീടുകളിലെത്തി പണം പിരിക്കുന്നതിന് രണ്ടു മാസത്തേക്കു നിരോധനം

ബവ്റിജസ് തുറക്കും
∙ ബവ്‍റിജസ് ഔട്‍ലെറ്റുകള്‍ പ്രവര്‍ത്തിക്കും

ബാങ്കുകള്‍ക്ക് നിയന്ത്രണം
∙ ബാങ്കുകള്‍ രണ്ടുമണിവരെ മാത്രമേ പ്രവര്‍ത്തിക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here