വേനലിൽ കേരളം ചുട്ട് പൊള്ളും; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

0
200

തിരുവനന്തപുരം: (www.mediavisionnews.in) രാജ്യത്ത് തണുപ്പ് കാലമായിരുന്നെങ്കിലും കേരളം ജനുവരി മാസത്തിൽ പകൽ ചുട്ട് പൊള്ളുന്ന ചൂടായിരുന്നു. ജനുവരി ആദ്യ ആഴ്ച്ച തന്നെ താപം 35 ഡിഗ്രി കടന്നിരുന്നു. ജനുവരിയിൽ കേരളത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട് ആലപ്പുഴ ജില്ലയിലായിരുന്നു. ജനുവരി 24 ന് 37.3 ഡിഗ്രി സെൽഷ്യസായിരുന്നു ആലപ്പുഴയിലെ കാലാവസ്ഥ. കോട്ടയത്ത്‌ ജനുവരിയിൽ തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ജനുവരി 23,24,25 ദിവസങ്ങളിലായിരുന്നു കോട്ടയത്ത് ചൂട് കൂടിയത്. കൊച്ചിയിൽ 23 ന് 37.1 ഡിഗ്രി സെൽഷ്യസായിരുന്നു താപം. കേരളത്തിൽ ജനുവരി മാസത്തെ റെക്കോർഡ് കൂടിയ താപനിലയാണ് ഈ വർഷം രേഖപ്പെടുത്തയത്.

രാജ്യത്തെ തന്നെ കൂടിയ താപനില

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രേഖകൾ പ്രകാരം ജനുവരി 15 മുതൽ ഫെബ്രുവരി 2 വരെയുള്ള 19 ദിവസങ്ങളിൽ 11 ദിവസവും രാജ്യത്തു ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയതും കേരളത്തിൽ ആയിരുന്നു. ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് കൂടിയ താപനില രേഖപ്പെടുത്തയത്. വരും ദിവസങ്ങളിലും താപനില ഉയരുമെന്നാണ് റിപ്പോർട്ട്.

ദുരന്തനിവാരണ അതോറിറ്റി മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

പകൽ താപനില സർവ്വകാല റെക്കോർഡ് കടന്നതോടെ വേനൽ ആകും മുൻപെ കേരളത്തിൽ മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലർത്താനാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ. കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും താപസൂചിക ഉയർത്തുന്ന ഘടകമാണ്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വേണ്ടി താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

പ്രധാന നിർദ്ദേശങ്ങൾ

-പൊതുജനങ്ങൾ ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കയ്യിൽ കരുതുകയും ചെയ്യാം. അത് വഴി നിർജ്ജലീകരണം ഒഴിവാക്കാൻ സാധിക്കും.

-നിർജ്ജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.

-അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

-വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിർബന്ധമായും ശ്രദ്ധിക്കണം.

– അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

-പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.

-പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

-നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, മാധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, PWD ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.

-പുറം തൊഴിലുകളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകപരമായ ജനകീയ പ്രവർത്തനങ്ങൾ യുവജന, സാംസ്‌കാരിക, സാമൂഹിക സംഘടനകൾക്കും കൂട്ടായ്മകൾക്കും ഏറ്റെടുക്കാവുന്നതാണ്.

-നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങൾ കഴിക്കാനും നിർദേശിക്കുന്നു.

-നിർജ്ജലീകരണം തടയാൻ ORS ലായനി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

– വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

– ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here