മസ്ക്കറ്റ്: (www.mediavisionnews.in) ഒമാനിൽ തെരഞ്ഞെടുത്ത തസ്തികകളിൽ വിസ വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ഇപ്പോൾ ജോലി ചെയ്യുന്നവരുടെ വിസ പുതുക്കി നൽകില്ലെന്ന് ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇവരുടെ വിസാ കാലവധി പൂർത്തിയാകുമ്പോൾ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നാണ് സർക്കാർ നിർദേശം.
സെയിൽ റെപ്രസെന്‍റേറ്റീവ്സ്/സെയിൽസ് പ്രൊമോട്ടർ, പർച്ചേസ് റെപ്രസന്‍റേറ്റീവ് തുടങ്ങിയ തസ്തികകളിലാണ് കുറച്ചുദിവസം മുമ്പ് ഒമാൻ വിസ വിലക്ക് പ്രഖ്യാപിച്ചത്. സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് ഒമാൻ വിസ വിലക്ക് പ്രഖ്യാപിച്ചത്. മലയാളികൾ ഉൾപ്പടെ ആയിരകണക്കിന് വിദേശികൾ മേൽ പറഞ്ഞ തസ്തികകളിൽ ജോലി ചെയ്യുന്നുണ്ട്. ഇതോടെ നിലവിൽ ജോലി ചെയ്യുന്നവരെല്ലാം വിസ കാലാവധി പൂർത്തിയാകുമ്പോൾ നാട്ടിലേക്ക് മടങ്ങേണ്ടിവരും.
കഴിഞ്ഞ വർഷം മറ്റ് ചില തസ്തികകളിൽ ഒമാൻ വിസ വിലക്ക് പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ മാനേജർ, അഡ്മിനിട്രേറ്റർ, ക്ലറിക്കൽ തസ്തികകളിലാണ് 2019 മെയിൽ വിസ വിലക്ക് പ്രഖ്യാപിച്ചത്. ഈ വിലക്ക് ഇപ്പോഴും തുടരുകയാണ്. കൂടുതൽ മേഖലകളിൽ വിസ വിലക്ക് പ്രഖ്യാപിച്ചതോടെ ഒമാനിലുള്ള പ്രവാസികൾ ആശങ്കയിലാണ്.