ബെംഗളൂരു: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം കളിച്ച സ്‌കൂള്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്ത സംഭവത്തില്‍ കര്‍ണാടക പൊലീസിനെ വിമര്‍ശിച്ച് സംസ്ഥാന ബാലാവകാശ കമ്മിഷന്‍. പൊലീസ് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നു ചൂണ്ടിക്കാട്ടിയ കമ്മിഷന്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നതു നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കു കത്തയച്ചു.
പൊലീസ് ബാലനീതി നിയമത്തിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ.ആന്റണി സെബാസ്റ്റ്യന്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. ബിദാര്‍ പൊലീസ് എസ്‌പി, ഡെപ്യൂട്ടി കമ്മിഷണര്‍ക്കുമാണു കത്തയച്ചത്. ഇതിന്റെ പകര്‍പ്പ് ഡിജിപിക്കും അയച്ചു.
കര്‍ണാടക ബിദാറിലെ ഷഹീന്‍ പ്രൈമറി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥികളിലാണു പൊലീസ് വിവാദ നടപടികള്‍ സ്വീകരിച്ചത്. നാടകത്തില്‍ അഭിനയിച്ച ഒന്‍പതുകാരിയുടെ അമ്മ നജിബുന്നിസയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജനുവരി 30നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രധാനാധ്യാപിക ഫരീദ ബീഗത്തെയെും അറസ്റ്റ് ചെയ്തിരുന്നു. എബിവിപി പ്രവര്‍ത്തകന്‍ നിലേഷ് രക്ഷാല്‍ നല്‍കിയ പരാതിയിലാണു പൊലീസ് നടപടി. കേസില്‍ മൊഴിയെടുക്കുന്നതിനായി പൊലീസ് സ്‌കൂളിലെത്തി വിദ്യാര്‍ഥികളെ തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നതിനെതിരെ പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു.
അറസ്റ്റിലായ യുവതിയുടെ ഒന്‍പതു വയസുള്ള മകളെ, പ്രാദേശിക ശിശുക്ഷേമ സമിതിയെ അറിയിക്കാതെയാണ് അയല്‍വാസിയുടെ വീട്ടിലേക്കു വിട്ടത്. ഇതു ബാലനീതി (കുട്ടികളുടെ പരിചരണവും സംരക്ഷണവും)നിയമത്തിന്റെ ലംഘനമാണെന്നു കമ്മിഷന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
”വിദ്യാര്‍ഥികള്‍, മാതാപിതാക്കള്‍, സ്‌കൂള്‍ അധികൃതര്‍, പൊലീസ് എന്നിവരുമായുള്ള ആശയവിനിമയത്തില്‍നിന്നും ഫൊട്ടോഗ്രാഫുകളും സിസിടിവി ദൃശ്യങ്ങളും അവലോകനം ചെയ്തതില്‍നിന്നും കുട്ടികളുടെ അവകാശങ്ങള്‍ പൊലീസ് ലംഘിച്ചുവെന്ന് വ്യക്തമാണ്,” ഡോ.സെബാസ്റ്റ്യന്‍ പറഞ്ഞു.
”ചില പൊലീസുകാര്‍ സിവില്‍ വസ്ത്രത്തിലായിരിക്കുമ്പോള്‍ മറ്റു ചിലര്‍ നിയമം ലംഘിച്ച് യൂണിഫോമില്‍ കുട്ടികളെ ചോദ്യം ചെയ്യുന്നതു ചിത്രങ്ങളില്‍നിന്ന് വ്യക്തമായി. രക്ഷിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കുട്ടികളുടെ മൊഴിയെടുക്കേണ്ടത്,” സെബാസ്റ്റ്യന്‍ പറഞ്ഞു. കുട്ടികളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് നിരവധി പേര്‍ സ്‌കൂളില്‍ പോകുന്നതു നിര്‍ത്തിയതായി ബാലാവകാശ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അറസ്റ്റിലായ യുവതിക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ഇവരുടെ മകളുടെ ദുരവസ്ഥ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നു ബാലാവകാശ കമ്മിഷന്‍ ബിദാര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. പിതാവ് മരിച്ച കുട്ടിയുടെ ഏക അഭയമാണ് അറസ്റ്റിലായ അമ്മ.
സ്‌കൂളിന്റെ വാര്‍ഷികദിന പരിപാടികളുടെ ഭാഗമായി ജനുവരി 21നാണു നാടകം അരങ്ങേറിയത്. നാടകത്തിലൂടെ ദേശവിരുദ്ധ വികാരം വളര്‍ത്താന്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചതായും ചില വിദ്യാര്‍ഥികള്‍ ചെരുപ്പ് ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ അടിച്ചതായും ആരോപിച്ചാണ് എബിവിപി പ്രവര്‍ത്തകന്‍ ജനുവരി 26നു പരാതി നല്‍കിയത്. ചിത്രത്തില്‍ അടിക്കാന്‍ അറസ്റ്റിലായ യുവതി മകള്‍ക്കു ചെരുപ്പൂരി നല്‍കിയെന്നാണു പൊലീസിന്റെ വിശദീകരണം.
നാടകത്തിനെതിരെ പ്രാദേശിക എബിവിപി പ്രവര്‍ത്തകന്‍ നിലേഷ് രക്ഷാല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹെഡ്മിസ്ട്രസ് ഫരീദ ബീഗത്തെയും ഒമ്പത് വയസുകാരിയുടെ അമ്മയെയും ബിദാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാദേശിക പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് യൂസഫിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നാടകത്തിന്റെ വീഡിയോ കണ്ടുവെന്ന് ചൂണ്ടിക്കാട്ടിയാണു പരാതി നല്‍കിയത്. ഈ മാധ്യമപ്രവര്‍ത്തകനും സ്‌കൂള്‍ മാനേജ്മെന്റിനെതിരെയും പൊലീസ് രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്.