‘‘മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്, ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്’’ ക്വാഡന് സാന്ത്വനവുമായി ഗിന്നസ് പക്രു

0
240

സിഡ്​നി (www.mediavisionnews.in) : പൊക്കമില്ലാത്തതിനാല്‍ കൂട്ടുകാര്‍ കളിയാക്കുന്നുവെന്ന് പറഞ്ഞ് കരഞ്ഞ കുഞ്ഞിന് പിന്തുണയുമായി നടന്‍ ഗന്നസ് പക്രു. ഇളയ രാജയുടെ വരികള്‍ കൂട്ടിച്ചേര്‍ത്താണ് പക്രു കുഞ്ഞിന് സാന്ത്വന വാക്കുകള്‍ സമ്മാനിച്ചത്. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്.

‘മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് …..ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് …നീ കരയുമ്പോൾ …നിന്റെ ‘അമ്മ തോൽക്കും ………

ഈ വരികൾ ഓർമ്മ വച്ചോളു .

“ഊതിയാൽ അണയില്ല

ഉലയിലെ തീ

ഉള്ളാകെ ആളുന്നു ഉയിരിലെ തീ “

– ഇളയ രാജ – ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്‍റെ ഈ കുറിപ്പ്’ പക്രു കുറിച്ചു

ഇന്നലെ മുതലാണ് കുഞ്ഞുവിദ്യാര്‍ഥിയായ ക്വാഡന്‍ കരഞ്ഞ് കൊണ്ട് തനിക്ക് കൂട്ടുകാരില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന പരിഹാസത്തെ കണ്ണീരില്‍ കുതിര്‍ന്ന് സങ്കടത്തോടെ പറയുന്ന വീഡിയോ വൈറലായത്. തന്‍റെ കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തനിക്ക് ഒരു കയറ് തരുമോ ഒന്നു കൊന്നുതരുമോയെന്നും ചോദിക്കുന്ന വീഡിയോ കാണുന്നവരുടെ ഹൃദയം തകര്‍ക്കുന്നതാണ്. ക്വാഡന്‍റെ അമ്മ യരാഖ ബെയില്‍സ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ കൊണ്ടാണ് ഇന്‍റര്‍നെറ്റിനെ കണ്ണീരിലാഴ്ത്തിയത്. ‘കത്തി കൊണ്ട് എനിക്ക് എന്‍റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണമെന്ന്’; വിലപിക്കുന്ന വീഡിയോ കാണുന്നവരുടെ ഹൃദയം തകര്‍ക്കുന്നതാണ്.

വീഡിയോ ചിത്രീകരിച്ച ക്വാഡന്റെ അമ്മ മകന്‍റെ സങ്കടം തങ്ങളുടെ കുടുംബത്തെ അതിയായി വേദനിപ്പിക്കുന്നതാണെന്നും ഇത്തരത്തിലുള്ള പരിഹാസം എങ്ങനെയാണ് ഒരു കുഞ്ഞിനെ തകര്‍ക്കുന്നതെന്ന് മനസ്സിലാക്കണമെന്നും പറഞ്ഞു. നമ്മുടെ കുഞ്ഞുങ്ങളെ ശരിയായ വിദ്യാഭ്യാസത്തോടൊപ്പം മറ്റുള്ളവരോട് സഹാനുഭൂതിയോടെ പെരുമാറാനും പഠിപ്പിക്കണമെന്ന് നിരവധി പേര്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചു കൊണ്ട് പ്രതികരിച്ചു.

134,000ലധികം തവണ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ട വീഡിയോ വീക്ഷിച്ച നിരവധി പേരാണ് കുഞ്ഞുവിദ്യാര്‍ഥിയെ പിന്തുണച്ചും സനേഹം പങ്കുവെച്ചും രംഗത്തുവന്നത്. ആസ്ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങള്‍ ക്വാഡന് പിന്തുണ അറിയിക്കുകയും തങ്ങളുടെ മല്‍സരം വീക്ഷിക്കാന്‍ ഔദ്യോഗിക ക്ഷണമയക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here