കണ്ണൂർ: (www.mediavisionnews.in) രാജ്യാന്തര വിമാനത്താവളത്തിൽ മലദ്വാരത്തിലൂടെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. കാസർഗോഡ് കാഞ്ഞങ്ങാട് അമ്പലത്തര പുള്ളൂരിലെ ഫൈസൽ മുന്നമ്മിൽ ആണ് പിടിയിലായത്. ഇയാളിൽനിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച 947 ഗ്രാം സ്വർണം കണ്ടെടുത്തു.
ഞായറാഴ്ച പുലർച്ചെ ദുബായിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഫൈസൽ. പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ ഇ.വികാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യംചെയ്തു. പിന്നീട് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്നത് വ്യാപകമായതോടെ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു. ഈ വർഷത്തിൽ രണ്ടു കോടിയിലധികം രൂപയുടെ സ്വർണമാണ് ഒളിപ്പിച്ച് കടത്തുന്നതിനിടയിൽ പിടിയിലായത്. മല ദ്വാരത്തിലും അടിവസ്ത്രത്തിനുളളിലും സ്പ്രേ കുപ്പിയിലും മറ്റുമായിയാണ് കള്ളക്കടത്തിനുള്ള ശ്രമം നടന്നത്. സ്വർണത്തിന് പുറമെ ലക്ഷങ്ങൾ വരുന്ന വിദേശ കറൻസിയും പിടികൂടിയിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.