മംഗളൂരു: (www.mediavisionnews.in) മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഫോടകവസ്തുവെച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കാൻ മംഗളൂരു കോടതി ഉത്തരവിട്ടു. പ്രതി കുറ്റസംമ്മതം നടത്തി പോലീസിൽ കീഴടങ്ങിയെങ്കിലും ആളെ തിരിച്ചറിയാനാണിത്. തഹസിൽദാരാണ് തിരിച്ചറിയൽ പരേഡ് നടത്തേണ്ടത്. ഇതിനായി പോലീസിന് കത്തുനൽകിയിട്ടുണ്ടെന്ന് മംഗളൂരു സിറ്റി നോർത്ത് എസിപി കെ.യു.ബല്ലിയപ്പ പറഞ്ഞു. മംഗളൂരു ജില്ലാ ജയിലിലാണ് പരേഡ് നടത്തുക. അടുത്തയാഴ്ച പരേഡ് നടത്താനാണ് തീരുമാനം. സംഭവദിവസം പ്രതിയെ നേരിൽക്കണ്ട ബസ് ജീവനക്കാർ, ഓട്ടോ ഡ്രൈവർമാർ, ഇയാൾ ബാഗ് സൂക്ഷിച്ച കെഞ്ചാറിലെ ബാർബർ തൊഴിലാളി തുടങ്ങിയവരെയാണ് പ്രതിയെ തിരിച്ചറിയാനായി വിളിപ്പിക്കുക.
ജനുവരി 20-നാണ് മണിപ്പാൽ അനന്ത്‌നഗർ കെ.എച്ച്.ബി. കോളനിയിലെ കെ.ആദിത്യ റാവു (36) ലാപ്‌ടോപ് ബാഗിൽ സ്ഫോടകവസ്തുക്കൾ നിറച്ച് മംഗളൂരു വിമാനത്താവളത്തിൽ ഉപേക്ഷിച്ചത്. സ്വയം പൊട്ടിത്തെറിക്കുന്നത് അല്ലെങ്കിലും ഇതുവെച്ച് ബോംബുണ്ടാക്കാൻ പറ്റുമെന്നാണ് വിദഗ്ധർ പറഞ്ഞത്. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇത് കണ്ടെത്തി പിന്നീട് നിർവീര്യമാക്കുകയുംചെയ്തു.
സി.സി.ടി.വി. ദൃശ്യങ്ങളിൽ സ്ഫോടകവസ്തു കൊണ്ടുവെച്ചയാളെ തിരിച്ചറിഞ്ഞ് പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഇയാൾ ജനുവരി 22-ന് ബെംഗളൂരുവിൽ പൊലീസിനുമുമ്പാകെ കീഴടങ്ങി. നിലവിലിപ്പോൾ ആദിത്യ റാവു റിമാൻഡിലായി ജയിലിൽ കഴിയുകയാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.