ദമസ്‌കസ്: (www.mediavisionnews.in) : മൂന്ന് വയസുകാരിയായ മകള്‍ ബോംബ് പൊട്ടുന്നതിന്റെ വലിയ ശബ്ദം കേട്ട് പേടിക്കാതിരിക്കാന്‍ പൊട്ടിച്ചിരിപ്പിക്കുന്ന അച്ഛന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സിറിയയിലെ ചെറിയ പട്ടണമായ സര്‍മദയിലാണ് ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് മകള്‍ പേടിക്കാതിരിക്കാന്‍ അച്ഛന്‍ പുതിയ കളികള്‍ ഉണ്ടാക്കുന്നത്.
മൂന്ന് വയസുകാരിയായ സല്‍വയ്ക്ക് യുദ്ധത്തെക്കുറിച്ച് ഒന്നുമറിയില്ല. എന്നാല്‍ ഇപ്പോള്‍ ബോംബ് പൊട്ടുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അവള്‍ ചിരിക്കും. അച്ഛന്‍ അബ്ദുള്ള അല്‍ മുഹമ്മദിനരികില്‍ സോഫയില്‍ നില്‍ക്കുന്ന സല്‍വയുടെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. വീടിന് പുറത്തെവിടെയോ ഒരു ബോംബ് വീണ് പൊട്ടുമ്പോള്‍ അവള്‍ തുള്ളിച്ചാടി ചിരിക്കുന്നു. അച്ഛനാകട്ടെ അവളെ പ്രോത്സാഹിപ്പിക്കുന്നു. ബോംബ് പൊട്ടുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ പൊട്ടിച്ചിരിക്കണമെന്ന് അബ്ദുള്ള മകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ബോംബ് പൊട്ടുന്നത് കേള്‍ക്കുമ്പോഴെല്ലാം സല്‍വ പൊട്ടിപ്പൊട്ടിച്ചിരിക്കും.
യുദ്ധം രൂക്ഷമായപ്പോള്‍ കൊച്ച് സല്‍വയുടെ പേടി ഇല്ലാതാക്കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെയൊരു കളി അവളെ പഠിപ്പിച്ചതെന്ന് അബ്ദുള്ള പറയുന്നു. യുദ്ധം വെറുമൊരു കളിയാണെന്ന് അവളെ ബോധ്യപ്പെടുത്താനും അവളുടെ ഹൃദയത്തില്‍ നിന്ന് ഭയം ഇല്ലാതാക്കാനുമാണ് താന്‍ ശ്രമിക്കുന്നതെന്നും അയാള്‍ പറയുന്നു. സര്‍ക്കാരും വിമതരും തമ്മില്‍ യുദ്ധം രൂക്ഷമായ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയില്‍ നിന്ന് പലായനം ചെയ്ത്, ചെറിയ പട്ടണമായ സര്‍മദയില്‍ അഭയം തേടിയതാണ് അബ്ദുള്ള അല്‍ മുഹമ്മദും കുടുംബവും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.