ബീഹാറും, പശ്ചിമ ബംഗാളും ബി.ജെ.പിയെ പുറന്തള്ളുമോ? ദല്‍ഹിയിലെ തിരിച്ചടിയില്‍ കാലിടറുന്ന ബി.ജെ.പിക്ക് അടുത്ത രണ്ട് തെരഞ്ഞെടുപ്പുകള്‍ നിര്‍ണായകം

0
362

ന്യൂദല്‍ഹി: (www.mediavisionnews.in) ദല്‍ഹി തെരഞ്ഞെടുപ്പില്‍ രണ്ടക്കം തികയാതെ കനത്ത പരാജയം നേരിട്ട ബി.ജെ.പി തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിലും, അടുത്ത വര്‍ഷം നടക്കുന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലേക്കുമാണ് രാജ്യം ഇപ്പോള്‍ ഉറ്റു നോക്കുന്നത്.

ദല്‍ഹി തെരഞ്ഞെടുപ്പില്‍ പാളിപ്പോയ മോദി-അമിത് ഷാ തന്ത്രങ്ങള്‍ വരാനിരിക്കുന്ന ബീഹാര്‍, പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പുകളെയും ബാധിക്കുമോ എന്ന ആശങ്ക പാര്‍ട്ടി ക്യാമ്പില്‍ നിന്നും ഉയരുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദല്‍ഹി തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട ബി.ജെ.പിക്ക് നിര്‍ണായകമാകും പശ്ചിമ ബംഗാള്‍, ബീഹാര്‍ ജനവിധി. പൗരത്വ ഭേദഗതി നിയമവും, ദേശീയ ജനസംഖ്യാ പട്ടികയും നടപ്പിലാക്കാനുള്ള തീരുമാനവും ബി.ജെ.പിക്ക് ദല്‍ഹി തെരഞ്ഞെടുപ്പിലും തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

പൗരത്വ ഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ പിന്തുണച്ചെങ്കിലും ദേശീയ ജനസംഖ്യ പട്ടിക നടപ്പിലാക്കില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും എന്‍.ഡി.എയുടെ സഖ്യകക്ഷിയുമായി നിതീഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം കൂടി വന്ന പശ്ചാത്തലത്തില്‍ ബി.ജെ.പിക്ക് നിതീഷ് കുമാറുമായി കൂടുതല്‍ വിലപേശലിന് അവസരമില്ല. ഒറ്റയ്ക്ക് മത്സരിക്കുന്നത് ഉചിതമാകില്ലെന്ന് തിരിച്ചറിവുള്ള ബി.ജെ.പി നിതീഷ് കുമാറിനൊപ്പം മത്സരിക്കണമെങ്കില്‍ വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകേണ്ടി വരും.  ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുളള രണ്ട് സംസ്ഥാനങ്ങളിലാണ് അടുത്ത തെരഞ്ഞെടുപ്പ് എന്നതും ബി.ജെ.പിയുടെ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here