ബിജെപിക്കാരനെ കൊന്ന കേസ്‌: 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം

0
220

കൊല്ലം: (www.mediavisionnews.in) ബിജെപി പ്രവർത്തകനായിരുന്ന കടവൂർ ജയനെ വധിച്ച കേസിൽ പ്രതികളായ 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ജാമ്യത്തിലിറങ്ങി മുങ്ങിയ 9 പ്രതികളും ഇന്നു രാവിലെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.

കടവൂർ വലിയങ്കോട്ടു വീട്ടിൽ ജി.വിനോദ് (42), കൊറ്റങ്കര ഇടയത്തു വീട്ടിൽ (ഇന്ദിര ഭവൻ) ജി.ഗോപകുമാർ (36), കടവൂർ താവറത്തു വീട്ടിൽ സുബ്രഹ്മണ്യൻ (39), വൈക്കം താഴതിൽ പ്രിയരാജ് (അനിയൻകുഞ്ഞ് – 39), പരപ്പത്തു ജംക്‌ഷൻ പരപ്പത്തുവിള തെക്കതിൽ വീട്ടിൽ പ്രണവ് (29), കിഴക്കടത്ത് എസ്.അരുൺ (34), മതിലിൽ അഭി നിവാസിൽ രജനീഷ് (രഞ്ജിത് – 31), ലാലിവിള വീട്ടിൽ ദിനരാജ് (31), കടവൂർ ഞാറയ്ക്കൽ ഗോപാല സദനത്തിൽ ആർ ഷിജു (36) എന്നിവരാണ് പ്രതികൾ.

ബിജെപി പ്രവർത്തകനായിരുന്ന ജയൻ പാർട്ടി വിട്ടതിലുള്ള വൈരാഗ്യത്തിൽ 2012 ഫെബ്രുവരി 7നു പകൽ 11നു പ്രതികൾ സംഘം ചേർന്ന് കൊലപ്പെടുത്തി എന്നാണു കേസ്. പല തവണ കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന പ്രതികളുടെ ജാമ്യം റദ്ദാക്കി അറസ്റ്റു വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണു പ്രതികൾ ഇന്നു കീഴടങ്ങിയത്. തുടർന്നു പ്രതികളെ കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപചന്ദ്രൻ പിള്ള, പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി.മഹേന്ദ്ര, അഡ്വ.വിഭു എന്നിവരാണു പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.

LEAVE A REPLY

Please enter your comment!
Please enter your name here