ബാങ്ക് അക്കൗണ്ടിൽ വന്നത് 30 കോടി; നട്ടംതിരിഞ്ഞ് പൂക്കച്ചവടക്കാരനും ഭാര്യയും

0
204

ബെംഗളൂരു: (www.mediavisionnews.in) കര്‍ണാടകത്തിലെ ചന്നപട്ടണയിലുള്ള പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ വന്നത് 30 കോടി രൂപ. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് അക്കൗണ്ടില്‍ പണംവന്നതെങ്കിലും സംഭവം പുറത്തറിഞ്ഞത് കഴിഞ്ഞദിവസമാണ്. പണം അക്കൗണ്ടിലെത്തിയ തൊട്ടടുത്ത ദിവസംതന്നെ ബാങ്കുദ്യോഗസ്ഥര്‍ ചന്നപട്ടണയിലെ ഇവരുടെ വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞിരുന്നു. തുടര്‍ന്ന് ബാങ്കധികൃതര്‍ അക്കൗണ്ട് മരവിപ്പിച്ചു.

ഇവരുടെ അക്കൗണ്ട് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.

ഡിസംബര്‍ രണ്ടിന് ബാങ്കില്‍നിന്നുള്ളവര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ.)യിലെ തന്റെ അക്കൗണ്ടിലേക്ക് പണം വന്നകാര്യം പൂക്കച്ചവടക്കാരനായ സയിദ് ബുഹാന്റെ ഭാര്യ രഹ്ന ബാനു അറിയുന്നത്.
ജന്‍ധന്‍ അക്കൗണ്ട് പദ്ധതിപ്രകാരമുള്ള ഇവരുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 60 രൂപമാത്രമായിരുന്നു.

മാസങ്ങള്‍ക്കുമുമ്ബ് ഒാണ്‍ലൈനിലൂടെ ഭാര്യയ്ക്ക് സാരി വാങ്ങിയപ്പോള്‍ കമ്ബനി എക്സിക്യുട്ടീവ് എന്ന പേരില്‍ ഒരാള്‍ വിളിക്കുകയും കാര്‍ സമ്മാനമായി ലഭിച്ചെന്ന് ഇവരെ അറിയിക്കുകയുംചെയ്തിരുന്നു. ഇതു ലഭിക്കണമെങ്കില്‍ 6,900 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ചെവിക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി രണ്ടുലക്ഷംരൂപ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പണമില്ലെന്നും സയിദ് പറഞ്ഞു. തുടര്‍ന്ന് ബാങ്ക്‌അക്കൗണ്ട് വിവരങ്ങള്‍ ഇയാള്‍ക്ക് കൈമാറി. 30 കോടി രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇതില്‍ 15 കോടി രൂപ തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് മറ്റൊരാള്‍ പിന്നീട് വിളിച്ചതായി സയിദ് പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

അക്കൗണ്ടില്‍ മൂന്നുമാസത്തിനിടെ ഒട്ടേറെ ഇടപാടുകളെന്ന് ബാങ്ക്

ബെംഗളൂരു:ചന്നപട്ടണയിലെ പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ അക്കൗണ്ടില്‍ 30 കോടി രൂപ നിക്ഷേപം വന്നതില്‍ വിശദീകരണവുമായി എസ്.ബി.ഐ.

മൂന്നുമാസത്തിനിടെ കോടികളുടെ ഇടപാടാണ് ഈ അക്കൗണ്ടിലൂടെ നടന്നതെന്ന് ബാങ്ക് അറിയിച്ചു. ഒറ്റത്തവണയായി 30 കോടി രൂപ അക്കൗണ്ടിലേക്ക് വന്നതല്ല. 30 മുതല്‍ 40 ലക്ഷം രൂപവരെയുള്ള ഇടപാടുകളാണ് പലപ്പോഴായി നടന്നതെന്നും ബാങ്ക് വ്യക്തമാക്കി.

ബെംഗളൂരുവില്‍ മാത്രമല്ല, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ തട്ടിപ്പുകള്‍ മുമ്ബ് നടന്നിട്ടുണ്ട്. ഈ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയായിരുന്നു. ഉടമ അധികം ഇടപാടുകള്‍ നടത്താത്ത അക്കൗണ്ടുകളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. ഒട്ടേറെപ്പേരെ പല പേരില്‍ വിളിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചാണ് ഇവര്‍ ഇത്തരം അക്കൗണ്ടുകള്‍ കണ്ടെത്തുന്നത്.

അക്കൗണ്ട് ഉടമ ഒ.ടി.പി. നമ്ബറും മറ്റു വിവരങ്ങളും കൈമാറിയതാണ് തട്ടിപ്പിന് കാരണമായതെന്നാണ് നിഗമനം.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here