ദല്‍ഹി കലാപത്തിനിടെ ചോരയൊലിച്ച് റോഡില്‍ കിടന്നപ്പോഴും പൊലീസ് ദേശീയഗാനം പാടിപ്പിച്ച യുവാവ് മരിച്ചു

0
175

ന്യൂഡല്‍ഹി: (www.mediavisionnews.in) ഡൽഹിയിൽ അഞ്ച് പുരുഷന്മാരെ മർദിച്ചതിനു ശേഷം റോഡിൽ കിടത്തി ദേശീയഗാനം ആലപിക്കുവാൻ പൊലീസുകാർ നിർബന്ധിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിൽ ദേശീയഗാനം ആലപിക്കുവാൻ നിർബന്ധിതനായ ഇരുപത്തിമൂന്ന് വയസുള്ള യുവാവ് വ്യാഴാഴ്ച മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ കർദാംപുരി നിവാസിയായ ഫൈസാൻ എന്നയാളാണ് മരിച്ചത് എന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ നാല് ദിവസം തുടർന്ന കലാപത്തിനിടെയാണ് വീഡിയോ പുറത്തുവന്നത്, കലാപത്തിൽ 42 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വടക്കുകിഴക്കൻ ഡൽഹിയിൽ നിന്നുള്ള അഞ്ച് പേർ പരിക്കേറ്റു റോഡിൽ കിടന്ന് ദേശീയഗാനം ആലപിക്കുന്നു വീഡിയോ വസ്തുതാ പരിശോധനാ വെബ്‌സൈറ്റ് ആൾട്ട് ന്യൂസ് പരിശോധിച്ച്‌ വ്യാജമല്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. ഇവരെ ദേശീയ ഗാനം ആലപിക്കാൻ നിർബന്ധിക്കുകയായിരുന്നു. കലാപത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കൂട്ടം പൊലീസുകാർ പുരുഷന്മാർക്ക് ചുറ്റും നിൽക്കുന്നത് വീഡിയോയിൽ കാണാം. അവരിൽ രണ്ടുപേർ പുരുഷന്മാരുടെ മുഖത്ത് ലാത്തികൾ ചൂണ്ടുന്നുണ്ടായിരുന്നു. “അച്ചി താരാ ഗാ (നന്നായി പാട്),” ഒരു പുരുഷ ശബ്ദം പറയുന്നത് വീഡിയോയിൽ കേൾക്കാം.

ഡൽഹിയിലെ ഗുരു തേജ് ബഹദൂർ (ജിടിബി) ആശുപത്രിയിലാണ് ഫൈസാൻ മരിച്ചത്. അദ്ദേഹത്തെയും വീഡിയോയിൽ കണ്ട മറ്റ് ആളുകളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. “അവനെയും മറ്റുള്ളവരെയും ക്രൂരമായി മർദ്ദിച്ചു. ഇരുമ്പുവടികൊണ്ട് അടിച്ചു. കാലുകൾ ഒടിഞ്ഞു. അടിച്ചതിനാൽ ശരീരം കരുവാളിച്ചു. ആദ്യം, അവനെ റോഡിൽ ഇട്ട് മർദ്ദിച്ചു. അവർ (പൊലീസ്) അവനെ കൂട്ടിക്കൊണ്ടുപോയി കാണും. പക്ഷെ എനിക്കതിനെക്കുറിച്ച് അറിയില്ല, ”ഫൈസാന്റെ അമ്മ പറഞ്ഞതായി എൻ‌.ഡി‌.ടി‌.വി റിപ്പോർട്ട് ചെയ്തു.

“എനിക്കറിയാവുന്ന ഒരാൾ അവനെ (ഫൈസാൻ) തിരിച്ചറിഞ്ഞു എന്നിട്ട് എന്നെ അറിയിച്ചു, ഞാൻ ആശുപത്രിയിൽ പോയി, അവനെ അവിടെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ ഞാൻ ജ്യോതി കോളനിയിലെ പൊലീസ് സ്റ്റേഷനിൽ പോയി. അവൻ അവിടെ ഉണ്ടായിരുന്നു, ഞാൻ അവരെ (പോലീസിന്) ഫോട്ടോ കാണിച്ചു, അവൻ അവിടെയുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. അവനെ കാണാനും മോചിപ്പിക്കാനും ഞാൻ ആവശ്യപ്പെട്ടു. എന്നെ കാണാൻ അവർ അവനെ അനുവദിച്ചില്ല. ഞാൻ ഒരു മണി വരെ കാത്തിരുന്നു, ”അവർ കൂട്ടിച്ചേർത്തു.

പിറ്റേന്ന് രാവിലെ മറ്റ് രണ്ട് പേർക്കൊപ്പം പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തിയപ്പോൾ തടങ്കലിൽ വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഫൈസാന്റെ അമ്മ പറഞ്ഞു. “രാത്രി 11 മണിയോടെ പൊലീസ് എന്നെ വിളിച്ചു, അപ്പോൾ അവൻ മരണത്തോട് മല്ലിടുകയായിരുന്നു,” അവർ പറഞ്ഞു.

പ്രതിഷേധത്തിൽ ഫൈസാൻ പങ്കെടുത്തിരുന്നില്ലെന്ന് മറ്റൊരു ബന്ധു പറഞ്ഞു. ഫൈസാനെ പൊലീസ് വിട്ടയച്ച ശേഷം കുടുംബം അവനെ ഒരു പ്രാദേശിക ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി.

“ഫൈസാനെഎന്റെയടുത്തെത്തിച്ചപ്പോൾ, പൊലീസ് അവനെ മർദ്ദിച്ചുവെന്നും പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി രണ്ട് ദിവസത്തിന് ശേഷമാണ് വിട്ടയച്ചതെന്നും അവന്റെ അമ്മ പറഞ്ഞു,” കർദാംപുരിയിൽ ഒരു ക്ലിനിക് നടത്തുന്ന ഡോ. ഖാലിക്ക് അഹമ്മദ് ഷെർവാനി പറഞ്ഞതായി എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്തു.

“ഫൈസാന്റെ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറവായിരുന്നു. അവനെ ആശുപത്രിയിലേക്ക് അയയ്‌ക്കേണ്ടിവന്നു. തലയ്ക്ക് പരിക്കുകളും ആന്തരിക പരിക്കുകളും ഉണ്ടായിരുന്നു. പരിക്കുകളെ തുടർന്ന് ശരീരം നീലിച്ചിരുന്നു, ”ഡോക്ടർ പറഞ്ഞു.

വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന അക്രമത്തിൽ അഞ്ഞൂറിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചവരും അതിനെ എതിർത്തവരും തമ്മിൽ ഏറ്റുമുട്ടൽ നടന്ന പല സ്ഥലങ്ങളിലും കുറഞ്ഞ പൊലീസ് സാന്നിധ്യമേ ഉണ്ടായിരുന്നുള്ളൂ എന്ന് ആരോപണമുണ്ട്. നഗരത്തിന്റെ വടക്കുകിഴക്കൻ ഭാഗത്ത് അക്രമമുണ്ടായ നാല് ദിവസങ്ങളിൽ 13,200 ഓളം ദുരിത കോളുകൾ ഡൽഹി പൊലീസിന് വന്നിരുന്നെന്നുവങ്കിലും ദുരിതബാധിത പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളുടെ കോൾ റെക്കോർഡുകൾ സൂചിപ്പിക്കുന്നത് ചെറിയ ശതമാനം കോളുകളോടു മാത്രമേ പൊലീസ് പ്രതികരിച്ചിരുന്നുള്ളൂ എന്നാണ് ഇത് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ ഗുരുതരമായ വീഴ്ച്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here