ഡല്‍ഹി: (www.mediavisionnews.in) ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പൊലീസിനെ വിമര്‍ശിച്ച് സുപ്രീം കോടതി. പൊലീസിനു പ്രഫഷനലിസം ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ജസ്റ്റിസ് കെ.എം.ജോസഫ് പറഞ്ഞു. പൊലീസ് സേന പ്രഫഷനല്‍ ആയിരുന്നെങ്കില്‍ സ്ഥിതി ഇത്ര ഗുരുതരമാകില്ലായിരുന്നെന്നും കോടതി പറഞ്ഞു. സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
ഡല്‍ഹിയിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പൊലീസാണ്. എല്ലാം സംഭവിക്കുന്നത് പൊലീസിന്റെ കണ്‍മുന്നിലാണ്. പൊലീസില്‍ നവീകരണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ഈ വാദത്തെ എതിര്‍ത്ത സോളിസിറ്റര്‍ ജനറലിനെ കോടതി ചെവിക്കൊണ്ടില്ല.
ഡല്‍ഹി കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഷഹീന്‍ ബാഗ് സമരത്തിന്റെ ഭാഗമായ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട ഹര്‍ജി മാത്രമേ ഇന്നു പരിഗണിക്കൂ എന്നും കോടതി വ്യക്തമാക്കി. ഷഹീന്‍ ബാഗ് കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 23 ലേക്ക് മാറ്റി.
ഡല്‍ഹി സംഘര്‍ഷം ദൗര്‍ഭാഗ്യകരമാണെങ്കിലും അത് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
ഡല്‍ഹി കലാപത്തില്‍ അക്രമികള്‍ക്കെതിരെ നടപടി വൈകരുതെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവിനായി കാത്തുനില്‍ക്കേണ്ട, നിയമപ്രകാരം വേണ്ടത് ചെയ്യണം. നടപടികള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി അറിയിക്കാനും കോടതി ഉത്തരവിട്ടു.
കൂടാതെ, പൊലീസ് കമ്മിഷണര്‍ക്ക് നോട്ടിസ് അയച്ചു. 12.30 ന് കേസ് വീണ്ടും പരിഗണിക്കും. അതിനിടെ, കലാപത്തില്‍ മരണം 20 ആയി. 189 പേര്‍ പരുക്കേറ്റ് ചികില്‍സയിലുണ്ടെന്ന് ജി.ടി.ബി ആശുപത്രി അറിയിച്ചു. ഏതാനും പേരുടെ നില ഗുരുതരമാണ്.