ടാപ്പു തുറക്കുമ്പോൾ ഒഴുകുന്നത് മദ്യം; ഞെട്ടലോടെ ഫ്ലാറ്റിലെ താമസക്കാർ: സംഭവം തൃശൂരിൽ

0
287

തൃശൂര്‍: (www.mediavisionnews.in) ഒറ്റ രാത്രി കൊണ്ട് വീട്ടിലെ പൈപ്പുകളെല്ലാം ബാറുകളായതിന്റെ ഞെട്ടലിലാണ് തൃശൂർ സോളമൻസ് അവന്യൂ ഫ്ലാറ്റിലെ താമസക്കാർ. എന്നത്തെയും പോലെ രാവിലെ വീട്ടിലെ പൈപ്പ് തുറന്നപ്പോൾ വെള്ളത്തിനു പകരം ലഭിച്ചത് മദ്യം.

ചാലക്കുടിയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനടുത്തുള്ള സോളമൻസ് അവന്യൂ ഫ്ലാറ്റിലാണ് സംഭവം. ഫ്ലാറ്റിലെ 18 കുടുംബങ്ങൾക്കും പൈപ്പിലൂടെ ലഭിച്ചത് മദ്യം കലർന്ന വെള്ളമായിരുന്നുവെന്ന് മനോരമ ഓൺലൈനിൻറെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വെള്ളത്തിൽ മദ്യം കലർന്നതിനെ കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് എക്സൈസ് വകുപ്പിലേക്കാണ്. അനധികൃതമായി പിടിച്ചെടുത്ത മദ്യം തെറ്റായ രീതിയിൽ നശിപ്പിച്ചതാണ് ഫ്ലാറ്റുകാരുടെ നിലവിലെ ദുരവസ്ഥയ്ക്ക് കാരണമായത്.

ആറ് വർഷം മുമ്പ് ഫ്ലാറ്റിന് സമീപത്തുള്ള രചന ബാറിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 6000 ലിറ്റർ മദ്യം എക്സൈസ് പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത അനധികൃമദ്യം നശിപ്പിക്കാൻ കോടതി ഉത്തരവിട്ടു.

ഇതോടെ ഇത്രയും വലിയ അലവിലുള്ള മദ്യം എങ്ങനെ നശിപ്പിക്കും എന്ന ആലോചനയിലായി എക്സൈസ് വകുപ്പ്. ഒടുവിൽ ബാറിന് സമീപത്ത് വലിയ കുഴി എടുത്ത്, മദ്യക്കുപ്പി ഓരോന്നും തുറന്ന് അതിലേക്ക് ഒഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ആറ് മണിക്കൂറുകൾ കൊണ്ടാണ് മദ്യം നശിപ്പിച്ചത്.

ഇതിനടുത്താണ് സോളമൻസ് അവന്യുവിലെ കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്ന കിണറുള്ളത്. മണ്ണിലേക്ക് കലർന്ന മദ്യം ഇപ്പോൾ കിണറ്റിലെ വെള്ളത്തിലേക്ക് കലർന്നു. ഇതാണ് ഫ്ലാറ്റിലെ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

സംഭവം അറിഞ്ഞ എക്സൈസ് വകുപ്പ് പ്രശ്നം ഉണ്ടാക്കരുതെന്ന് കുടുംബങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രശ്നം അവർ തന്നെ പരിഹരിക്കാമെന്നാണ് പറ‍ഞ്ഞിരിക്കുന്നത്. പുതിയ കിണർ സ്ഥാപിക്കുന്നതുവരെ വെള്ളം ശുദ്ധീകരിക്കാമെന്നും കുടിക്കാനായി വെള്ളം എത്തിക്കാമെന്നും എക്സൈസ് പറയുന്നു.

എന്നാൽചാലക്കുടി മുനിസിപ്പൽ സെക്രട്ടറിക്കും ആരോഗ്യ വകുപ്പിനും പരാതി നൽകിയിരിക്കുകയാണ് താമസക്കാരെന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടിലുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here