വുഹാന്‍ (www.mediavisionnews.in) : കൊറോണ വൈറസ് അതിവേഗം പടരുന്ന ചൈനയിൽ കൂടുതൽ ആശങ്ക പരത്തി ജയിലിൽ കഴിയുന്നവർക്കും രോഗം റിപ്പോർട്ട് ചെയ്തു. ഹുബ്ബി പ്രോവിൻസിലെ ജിനിങ് ജയിലിൽ പോലീസുകാർ ഉൾപ്പടെ 450 പേർക്ക് രോഗമുള്ളതായി സംശയിക്കുന്നു. ഹുബ്ബിയിലാണ് കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഇതുവരെ ജയിലിൽ രോഗബാധ കണ്ടെത്തിയിരുന്നില്ല. നാഷണൽ ഹെൽത്ത് കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം ഇപ്പോൾ ജയിലിൽ രോഗമുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവരുടെ ഒരു വിവരവും കമ്മീഷൻ പുറത്ത് വിട്ടിട്ടില്ല.
വ്യാഴാഴ്ച രാത്രി വരെ ചൈനയിൽ 2239 മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 150 മരണവും വ്യഴാഴ്ച്ചയാണ് സംഭവിച്ചത്. 75500 പേർക്ക് ഇതിനകം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
2077 ജയില്പുള്ളികളെയാണ് ഈ മേഖലയിൽ ഇതുവരെ പരിശോധന നടത്തിയതെന്ന് ഔദ്യോഗികമായി അറിയിച്ചു. ഇതിൽ 207 കേസുകളിൽ പരിശോധന ഫലം പോസിറ്റീവാണ്. ഏഴു ജയിൽ ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നു. 15 പേരെ പ്രത്യേകം മാറ്റി പാർപ്പിച്ചിട്ടുണ്ട്. ജയിലിൽ രോഗം കണ്ടെത്തിയത് കടുത്ത ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. കൂട്ടമായി താമസിക്കുന്നതിനാൽ രോഗം അതിവേഗം പടരുന്നതിന് സാധ്യതയുള്ളതാണ് ഇതിന് കാരണം. എന്നാൽ ജയിലിൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നാഷണൽ ഹെൽത്ത് കമ്മീഷൻ അധികൃതർ വ്യക്തമാക്കി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.