കൊറോണ വൈറസ്: കാസർകോട് നിരീക്ഷണത്തിൽ 94 പേർ, 16 സാമ്പിൾ പരിശോധനയ്ക്കയച്ചു

0
213

കാസർകോട്: (www.mediavisionnews.in) ചൈനയിൽനിന്ന് മടങ്ങിവന്ന രണ്ട്‌ പെൺകുട്ടികളെ നോവൽ കൊറോണ വൈറസ് ബാധ സംശയിച്ച് കാസർകോട് ജനറൽ ആസ്പത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ടുപേരും ചൈനയിൽ മെഡിക്കൽ വിദ്യാർഥികളാണ്. ഒരാൾ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലായിരുന്നു. കാര്യമായ ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാൽ ഒരാളെ കഴിഞ്ഞദിവസം ആസ്പത്രിയിൽനിന്ന് വിട്ടതാണ്. എങ്കിലും ആശങ്ക തീർത്തും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി വീണ്ടും വിളിച്ചുവരുത്തി അഡ്മിറ്റ് ചെയ്യുകയായിരുന്നു. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതർ അറിയിച്ചു. ജനറൽ ആസ്പത്രി പേവാർഡാണ് ഐസൊലേഷൻ വാർഡായി മാറ്റിയത്.

കഴിഞ്ഞദിവസം വൈറസ് ബാധ സ്ഥിരീകരിച്ച കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെ യുവാവിന്റെ നില തൃപ്തികരമായി തുടരുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കാൻ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരടങ്ങുന്ന മെഡിക്കൽ ബോർഡ് രൂപവത്‌കരിച്ചു. ഈ മൂന്നുപേരടക്കം 94 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ. മറ്റുള്ളവർ വീടുകളിൽത്തന്നെയാണ്. ആകെ 16 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആലപ്പുഴയിൽ പുതുതായി പ്രവർത്തനസജ്ജമായ വൈറോളജി ലാബിലേക്കാണ് സാമ്പിളുകൾ അയക്കുന്നത്. കാഞ്ഞങ്ങാട്ടുനിന്നും കാസർകോട്ടുനിന്നും ഒന്നിടവിട്ടദിവസങ്ങളിൽ സാമ്പിൾ നേരിട്ട് ആലപ്പുഴയ്ക്ക് കൊണ്ടുപോവുകയാണ്. പരിശോധനാഫലംവരാൻ അഞ്ച്‌ ദിവസമെടുക്കുമെന്നതാണ് പരിമിതി.

പ്രതിരോധപ്രവർത്തനം ഊർജിതം

വീടുകളിൽ കഴിയുന്നവരുടെ നില ആരോഗ്യപ്രവർത്തകർ നിശ്ചിത മണിക്കൂർ ഇടവിട്ട് നിരീക്ഷിച്ചുവരുന്നു. മലയോരത്തും നിരീക്ഷണത്തിലുള്ളവരുണ്ട്. എല്ലാവരുംതന്നെ ചെറുപ്പക്കാരാണെന്നത് ആശ്വാസകരമാണെന്ന് അധികൃതർ പറഞ്ഞു. പ്രമേഹംപോലെ മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർക്കാണ് വൈറസ് ബാധ മാരക ഫലങ്ങളുണ്ടാക്കുക. നിപ്പ വൈറസിന്റെ കാര്യത്തിൽ മരണനിരക്ക് എൺപതുശതമാനത്തിന്‌ മേലെയായിരുന്നെങ്കിൽ കോറോണ വൈറസിൽ ഇത് രണ്ട്-മൂന്ന്‌ ശതമാനംവരെ മാത്രമാണെന്നതും ആരോഗ്യപ്രവർത്തകർക്ക് ധൈര്യംപകരുന്നു. അതേസമയം, വിദേശത്തുനിന്നുവന്ന പലരും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റിപ്പോർട്ടുചെയ്യാത്തത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

ചൈനയിൽനിന്ന് ഇപ്പോഴും ആളുകൾ വന്നുകൊണ്ടിരിക്കുന്നതിനാൽ പ്രതിരോധപ്രവർത്തനം പരിമിതിനേരിടുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ചയും ആറേഴുപേർ ഇവിടെ റിപ്പോർട്ടുചെയ്തു. ഇതിൽ നേരത്തേ വന്നവരുമുണ്ട്. ചൈനയിൽനിന്നുള്ളവരുടെ വരവ് നിലയ്ക്കുകയും വന്നവർക്ക് 28 ദിവസത്തെ നിരീക്ഷണത്തിനുശേഷം വൈറസ്ബാധയില്ലെന്ന് ഉറപ്പാക്കുകയുംചെയ്താലേ പ്രവർത്തനം പൂർത്തിയായെന്ന് പറയാനാകൂ. നെടുമ്പാശ്ശേരിയിൽ വന്നിറങ്ങുന്നവരുടെ പൂർണ വിവരങ്ങൾ ബന്ധപ്പെട്ട ജില്ലകളിലേക്ക് അറിയിക്കുകയും അവരെ ആരോഗ്യപ്രവർത്തകർ ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. പക്ഷേ, കൊൽക്കത്തയിലും ഇതര വിമാനത്താവളങ്ങളിലും ഇറങ്ങുന്ന എല്ലാ കേരളീയരുടെയും വിവരങ്ങൾ കിട്ടുന്നില്ല. ചിലർ ചൈനയിൽനിന്ന് കൊൽക്കത്തയിലിറങ്ങി, അവിടുന്ന്‌ ബംഗളൂരുവിലേക്കും അവിടുന്ന് മംഗളൂരുവിലേക്കും വിമാനത്തിൽ വരുന്നുണ്ട്. അവിടുന്ന് റോഡുമാർഗം കേരളത്തിലേക്കും. ഇവർ ചൈനയിൽനിന്ന് മടങ്ങുന്നവരാണെന്ന് മനസ്സിലാക്കുക പ്രയാസമാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.

ജില്ലയിൽ ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്ന നാനൂറോളംപേർക്ക് ബോധവത്‌കരണ ക്ലാസുകൾ ലഭിച്ചുകഴിഞ്ഞു. ഇവർ വീടുകൾ കയറിയിറങ്ങി പ്രതിരോധപ്രവർത്തനങ്ങൾ വിശദീകരിച്ച് ആശങ്കയകറ്റുന്നുണ്ട്. ആയിരത്തോളം ആശാവർക്കർമാർക്കും കുടുംബശ്രീ പ്രവർത്തകർക്കും ക്ലാസ് കൊടുത്ത് ആവശ്യമെങ്കിൽ അവരെയും ബോധവത്‌കരണത്തിന് ഉപയോഗിക്കാൻ ആലോചിക്കുന്നുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here