ബെയ്ജിങ്: (www.mediavisionnews.in) ചൈനയിലെ വുഹാനിൽനിന്ന് കൊറോണ വൈറസ് ബാധയുടെ ഭീകരത പുറംലോകത്തെത്തിച്ച മാധ്യമ പ്രവർത്തകരിൽ ഒരാളെ കാണാനില്ലെന്നു പരാതി. ചൈനയിൽ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതും ഏറ്റവും കൂടുതൽ ബാധിച്ചതും വുഹാന്‍ നഗരത്തെയായിരുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തകരായ ചെൻ ക്വിഷി, ഫാങ് ബിൻ എന്നിവർ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വുഹാനിലുണ്ടായിരുന്നു.
മൊബൈൽ ഫോൺ വഴി ഇവര്‍ പുറത്തുവിട്ട വാർത്തകളാണ് കൊറോണ വൈറസ് വുഹാൻ നഗരത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നു ലോകത്തെ അറിയിച്ചത്. ട്വിറ്ററിലും യൂട്യൂബിലും വുഹാനിൽനിന്നുള്ള ഇവരുടെ വിഡിയോകൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ ചെൻ ക്വിഷിയെക്കുറിച്ചു കഴിഞ്ഞ 20 മണിക്കൂറുകളായി യാതൊരു വിവരവുമില്ലെന്നാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഒരു വിഡിയോ പുറത്തുവിട്ടതൊഴിച്ചാൽ ഫാങ് ബിന്നില്‍ നിന്നും കാര്യമായ പ്രതികരണങ്ങളില്ല. ആശുപത്രിയിൽനിന്ന് മൃതദേഹങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ പകർത്തിയതിന് ഇയാളെ ചൈനീസ് അധികൃതർ തടവിലിട്ടിരുന്നു. രോഗം തടയുന്നതിനുള്ള സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച ഉദ്യോഗസ്ഥർ ഫാങ് ബിന്നിന്റെ വീടിന്റെ വാതിൽ തകർക്കുന്ന ദൃശ്യങ്ങളും ഇയാള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. തുടര്‍ന്ന് ഫാങ്ങിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി.
കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യ മുന്നറിയിപ്പു നൽകിയ ചൈനീസ് ഡോക്ടർ ലീ വെൻലിയാങ് കൊറോണ ബാധിച്ചു കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മെസേജിങ് ആപ്പായ വീചാറ്റിൽ, തന്റെ ഒപ്പം മെഡിക്കൽ പഠനം നടത്തിയവർ അംഗങ്ങളായ അലൂമ്നി ഗ്രൂപ്പിലാണ് ലീ ഈ വിവരം പങ്കുവച്ചത്. മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ വൈറലായി. പിന്നാലെ അപവാദ പ്രചാരണം ആരോപിച്ചു പൊലീസ് ഉദ്യോഗസ്ഥരെത്തി വെൻലിയാങ്ങിനെ ശാസിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെയാണു മാധ്യമപ്രവർത്തകന കാണാതായത്.
യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന സമൂഹമാധ്യമങ്ങളിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി. അതേസമയം ചൈനീസ് സമൂഹമാധ്യമങ്ങളിൽ കൊറോണ വിഡിയോകളും വാർത്തകളും പ്രചരിക്കുന്നതു നിയന്ത്രിക്കുകയാണ് ചൈനീസ് അധികൃതർ. വൈറസ് ബാധയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് ട്വിറ്ററിനെയാണ് ജനങ്ങള്‍ പ്രധാനമായും ഇപ്പോള്‍ ആശ്രയിക്കുന്നത്. ട്വിറ്ററിന് ഔദ്യോഗികമായി ചൈനയിൽ നിരോധനമുണ്ടെങ്കിലും മറ്റു മാർഗങ്ങൾ വഴിയാണു ജനങ്ങൾ ട്വിറ്ററിലെത്തുന്നത്.
വുഹാനിലെ ജനങ്ങളെ വൈറസ് എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നതു പുറത്തുകൊണ്ടുവരുന്നതിൽ കാണാതായ ചെൻ ക്വിഷിയാണ് മികച്ചു നിന്നത്. ചൈനയിലെ പൊലീസുകാരുടെ ഇടപെടലുകൾ, ആശുപത്രിയിൽ രോഗികളുടെ പ്രശ്നങ്ങൾ എന്നിവയുടെ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടു. വൈറസിനെ കുറിച്ചു ചർച്ച ചെയ്ത ശേഷം വി ചാറ്റിലെ അക്കൗണ്ടുകൾ ഉപഭോക്താക്കൾക്കു ലഭിക്കുന്നില്ലെന്നു പരാതി ഉയർന്നിട്ടുണ്ട്. ചെന്നിന്റെ സുഹൃത്തുക്കളാണ് അദ്ദേഹത്തെക്കുറിച്ചു വിവരമൊന്നുമില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്.