കുമ്പള: (www.mediavisionnews.in) കുമ്പള പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പൊതുമുതൽ നശിപ്പിക്കുന്നത് നിത്യസംഭവമാകുന്നു. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഇവിടെ നിരവധി തവണയാണ് പൊതുമുതലുകൾക്ക് നേരെ സാമുഹ്യ ദ്രോഹികളുടെ അതിക്രമങ്ങൾ ഉണ്ടായത്.
2018- 2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചത്രംപള്ളം മുതൽ താഴെ കൊടിയമ്മ വരെ സ്ഥാപിച്ച തെരുവ് വിളക്കുകൾക്കുകളിൽ പത്തോളം വിളക്കുകളാണ് കഴിഞ്ഞ ദിവസം സാമൂഹ്യ ദ്രോഹികൾ എറിഞ്ഞ് തകർത്തത്. ആറ് മാസം മുമ്പ് സ്ഥാപിച്ച തെരുവ് വിളക്കുകൾ രാത്രിയുടെ മറവിൽ എറിഞ്ഞുതകർത്ത സംഭവം നാട്ടുകാർക്കിടയിൽ ഏറെ പ്രതിഷേധത്തിനിടയാക്കി.
കൊടിയമ്മ യു.പി സ്കൂളിന് സമീപത്തെ പാർക്കിൽ സ്ഥാപിച്ച സി.സി കാമറ മാസങ്ങൾക്ക് മുമ്പ് എറിഞ്ഞ് തകർത്തിരുന്നു. യു.പി. സ്കൂളിലെ കുടിവെള്ള ടാങ്കിലേക്ക് വെള്ളം കയറ്റി വിടുന്ന പൈപ്പും കഴിഞ്ഞ ദിവസം മുറിച്ച് മാറ്റിയ നിലയിലാണ്. സമാന രീതിയിൽ തെരുവ് വിളക്ക് തകർക്കലും, റോഡ് പ്രവൃത്തിയുടെ ശിലാഫലകം നശിപ്പിക്കലും ഇവിടെ ഉണ്ടായിട്ടുണ്ട്. ഇത്തരം സാമുഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനെതിരെ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. തെരുവ് വിളക്കുകളടക്കം നശിപ്പിച്ച് ഇരുളിന്റെ മറവിൽ അക്രമം അഴിച്ചുവിടാനും വികസന പ്രവർത്തനങ്ങളിൽ വിറളി പൂണ്ടവരുമാണ് പൊതുമുതൽ നശിപ്പിക്കുന്നതിന്റെ പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചു.