കുപ്പിവെള്ളത്തിന് വില കുറച്ച് സര്‍ക്കാര്‍; പരമാവധി വില ഇനി 13 രൂപ, ഉത്തരവായി

0
193

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തു വിൽക്കുന്ന കുപ്പി വെള്ളത്തിന്റെ പരമാവധി വില 13 രൂപയായി നിർണയിച്ചുകൊണ്ട് സർക്കാർ ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച ഫയലിൽ ഒപ്പുവച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ വില പ്രാബല്യത്തിൽ വരും.

ഇപ്പോൾ നികുതി ഉൾപ്പെടെ 8 രൂപയ്ക്കാണു ഒരു ലീറ്റർ കുപ്പിവെള്ളം ചില്ലറ വിൽപനക്കാർക്കു ലഭിക്കുന്നത്. വിൽക്കുന്നതാകട്ടെ 20 രൂപയ്ക്കും. വില നിർണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) നിർദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വിൽക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരും. ഈ വ്യവസ്ഥകൾ അനുസരിച്ചു സംസ്ഥാനത്ത് 220 പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്.

കമ്പനികൾ ഓരോന്നും ശരാശരി 5000 ലീറ്റർ കുപ്പിവെള്ളം വിപണിയിൽ എത്തിക്കുന്നുണ്ട്. എന്നാൽ 200 അനധികൃത കമ്പനികളും പ്രവർത്തിക്കുന്നു. നിയമപ്രകാരം ഒരു കുപ്പിവെള്ളനിർമാണ യൂണിറ്റ് തു‌ടങ്ങാൻ 12 ലൈസൻസ് നേടണം. ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്ന് സോഡ നിർമാണത്തിനുള്ള ലൈസൻസ് നേടിയശേഷം അതിന്റെ മറവിലാണു ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം ഉൽപ്പാദിപ്പിക്കുന്നത്.

ബിഐഎസ് നിയമം കർശനമാക്കുന്നതോടെ അനധികൃത കമ്പനികൾ പൂട്ടിപ്പോകുമെന്നാണു ഭക്ഷ്യവകുപ്പിന്റെ കണക്കുകൂട്ടൽ. 2018 മേയ് 10 നാണു കുപ്പിവെള്ളത്തിന്റ വില നിയന്ത്രിക്കാൻ തീരുമാനിച്ചത്. ഒരു വിഭാഗം കമ്പനികൾ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നു മന്ത്രി പി.തിലോമത്തമന്റെ നേതൃത്വത്തിൽ ചർച്ച നടത്തി ധാരണയിൽ എത്തുകയായിരുന്നു.

എന്നാൽ വൻകിട കമ്പനികൾ ഇതിനെ എതിർത്തു. നിർമാണച്ചെലവു ചൂണ്ടിക്കാട്ടിയാണ് അവർ പ്രതിരോധിച്ചത്. കുറഞ്ഞ വില 15 രൂപയാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതു നിയമയുദ്ധത്തിലേക്കു നീങ്ങിയപ്പോഴാണു കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നു വില നിർണയിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here