ഒമര്‍ അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കില്ല ; പതിനഞ്ചു ദിവസം കൂടി കാത്തിരിക്കാന്‍ സഹോദരിയോട് കോടതി

0
226

ദില്ലി: (www.mediavisionnews.in) ജമ്മുകശ്മീർ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ തടങ്കലില്‍ പാർപ്പിച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജിയില്‍ ജമ്മു കശ്മീർ സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹർജി മാർച്ച്‌ രണ്ടിനു പരിഗണിക്കാനായി മാറ്റി. സഹോദരൻ വീട്ടു തടങ്കലിൽ ആണെന്നും വേഗത്തിൽ കേസ് പരിഗണിക്കണം എന്നും സാറ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായാണ് ഒമർ അബ്ദുള്ളയെ തടവിലാക്കിയിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

കേസ് എത്രയും വേഗം പരിഗണിക്കണമെന്ന സാറയുടെ വാദം കോടതി അംഗീകരിച്ചില്ല. ‘ഇത്രയും കാലം കാത്തിരിക്കാമെങ്കില്‍ ഒരു സഹോദരിക്ക് എന്തുകൊണ്ട് പതിനഞ്ചു ദിവസം കൂടി ക്ഷമിച്ചുകൂടാ’ എന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രതികരണം. സാറാ അബ്ദുള്ള പൈലറ്റിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്.

കശ്മീർ പുനസംഘടനക്ക് ശേഷം കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതലാണ് ഒമർ അബ്ദുള്ള അടക്കമുള്ള നേതാക്കളെ സർക്കാർ തടവിലാക്കിയത്. കഴിഞ്ഞ ദിവസം ജസ്റ്റിസ് മോഹന്‍ എം ശന്തനഗൗ‍ഡർ കേസ് വാദം കേള്‍ക്കലില്‍ നിന്ന് പിന്മാറിയിരുന്നു. കാരണം വ്യക്തമാക്കാതെയായിരുന്നു പിന്മാറ്റം. തുടർന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയുടെ ബഞ്ച് ഇന്ന് ഹര്‍ജിയില്‍ വാദം കേട്ടത്.

കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്‍റെ ഭാര്യയാണ് സാറാ പൈലറ്റ്. ഇവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുമാണ്. ഒമര്‍ അബ്ദുള്ളയെ തടങ്കലിലാക്കിയ നടപടി മനുഷ്യാവകാശലംഘനമാണെന്ന് സാറ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കാന്‍ ഒമര്‍ അബ്ദുള്ളക്ക് ഇപ്പോഴും രാഷ്ട്രീയശേഷിയുണ്ടെന്നും അതിനാല്‍ തടങ്കല്‍ തുടരണമെന്നുമാണ് ജമ്മുകശ്മീര്‍ പൊലീസിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here