ന്യൂഡല്‍ഹി: (www.mediavisionnews.in) ഗുജറാത്ത് കലാപത്തിന്റെ ഭീകരത മുഴുവന്‍ ലോകമറിഞ്ഞത് ഖുതുബുദ്ദീന്‍ അന്‍സാരിയെന്ന ചെറുപ്പക്കാരന്റെ ചിത്രത്തിലൂടെയായിരുന്നു. അതിന് സമാനമായ വിധത്തില്‍ ഡല്‍ഹി കലാപത്തിന്റെ ഭീകരത വെളിപ്പെടുത്തിയ ചിത്രമായിരുന്നു തലകുമ്പിട്ടിരിക്കുന്ന ഒരു യുവാവിനെ സംഘപരിവാര്‍ തീവ്രവാദികള്‍ വളഞ്ഞിട്ട് തല്ലിച്ചതക്കുന്ന ചിത്രം. റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഈ ചിത്രം കലാപത്തിന്റെ മുഖമായി മാറി.
ഇത് സുബൈര്‍..ഡല്‍ഹിയിലെ ചാന്ത്ബാഗിലാണ് വീട്. തന്റെ മക്കള്‍ക്ക് ഭക്ഷണം വാങ്ങാനാണ് ഇയാള്‍ പുറത്തിറങ്ങിയത്. മക്കള്‍ക്കായി വാങ്ങിയ ഹല്‍വയും പൊറോട്ടയുമായി മടങ്ങുമ്പോഴാണ് സംഘപരിവാര്‍ തീവ്രവാദികള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. തലക്കടിയേറ്റ് ബോധം നഷ്ടപ്പെട്ടു. ബോധം വരുമ്പോള്‍ ആസ്പത്രിയിലായിരുന്നു. സുബൈറിന്റെ രണ്ട് കാലുകളും അക്രമികള്‍ തല്ലിയൊടിച്ചു. സുബൈറിന്റെ തലക്കും കൈക്കും തോളിനും സാരമായ പരിക്കുണ്ട്.
ചാന്ത്ബാഗിലെ സുബൈറിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. സുബൈറിന്റെ ഭാര്യയും മക്കളും ഉമ്മയും സഹോദരനുമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. സഹോദന്‍ വീടിന്റെ ഇരുമ്പ് ഗേറ്റ് പൂട്ടിയാണ് അക്രമികളില്‍ നിന്ന് കുടുംബത്തെ രക്ഷിച്ചത്. അക്രമികളെ ഭയന്ന് കുടുംബത്തെ ഉത്തര്‍പ്രദേശിലെ തന്റെ ജന്‍മനാട്ടിലേക്ക് മാറ്റിയിരിക്കുകയാണ് സുബൈര്‍. അക്രമികള്‍ക്കെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്ന് സുബൈര്‍ പറഞ്ഞു.