ആറ് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷം; അവകാശങ്ങൾക്കായി ഹർജി

0
188

ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യത്ത് ആറ് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമായിട്ടും അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയിൽ ഹർജി. മറ്റു സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കു ലഭിക്കുന്ന അവകാശങ്ങൾ ഈ സംസ്ഥാനങ്ങളിലെ ഹിന്ദു ന്യൂനപക്ഷത്തിനും നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ആഭ്യന്തര, നിയമ, ന്യൂനപക്ഷ മന്ത്രാലയങ്ങളുടെ മറുപടി തേടി ചീഫ് ജസ്റ്റിസ് ഡി. എൻ പട്ടേൽ ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങുന്ന ബെഞ്ച് കേന്ദ്രത്തിന് നോട്ടീസയച്ചു. സമാന ആവശ്യവുമായി നേരത്തെ സുപ്രീംകോടതിയിലെത്തിയ ബിജെപി അശ്വിനി കുമാർ ഉപാധ്യായയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ആകെ ജനസംഖ്യ പരിഗണിച്ചു ന്യൂനപക്ഷ പദവി നൽകുന്നതിനെതിരെയായിരുന്നു സുപ്രീംകോടതിയിലെ ഹർജി. ഇതു ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തള്ളി.

ലഡാക്ക്, മിസോറാം, ലക്ഷദ്വീപ്, കശ്മീർ, നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണ്. സംസ്ഥാനതലത്തിലും ന്യൂനപക്ഷത്തെ നിർവചിക്കണം, അവരെ നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കണം. തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here