അസം: (www.mediavisionnews.in) അസം പൗരത്വ രജിസ്റ്ററിലെ അന്തിമ പട്ടികയിലും അയോഗ്യര്‍ കന്നുകൂടിയെന്ന് സംശയം. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പട്ടികയില്‍ അയോഗ്യരായവര്‍ കടന്നുകൂടിയിട്ടുണ്ടെന്നും കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ജില്ലാ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പൗരത്വ റജിസ്റ്റര്‍ പ്രസിദ്ധീകരിച്ചതില്‍ അയോഗ്യരായ ചിലര്‍ അതില്‍ കടന്നു കൂടിയിട്ടുണ്ടെന്ന് എന്‍ ആര്‍ സി കോര്‍ഡിനേറ്റര്‍ ഹിദേഷ് ദേവ് ശര്‍മ ജില്ലാ അധികാരികള്‍ക്ക് ഈ മാസം 19 ന് അയച്ച കത്തില്‍ പറയുന്നു.
നേരത്തെ സംശയകരമായ വോട്ടര്‍മാര്‍ എന്ന രീതിയില്‍ കണക്കാക്കപ്പെട്ടവരും അതുപോലെ വിദേശികളായി പ്രഖ്യാപിക്കപ്പെട്ടവരും , ഫോറിന്‍ ട്രൈബ്യുണല്‍ തീരുമാനമെടുക്കാനിരിക്കുന്നവരുമായ ചിലരാണ് പൗരത്വ പട്ടികയില്‍ പെട്ടുവെന്നാണ് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ചൂണ്ടിക്കാട്ടുന്നത്.
പൗരത്വപട്ടികയുമായി ബന്ധപ്പെട്ട 100 ശതമാനം പുനഃപരിശോധനവേണമെന്നും 80 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാര്‍ പട്ടികയില്‍ ഉണ്ടെന്നും കാണിച്ച് അസം പബ്ലിക്ക് വര്‍ക്ക്സ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം.
2015 ലാണ് ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. പട്ടിക കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. 3.3 കോടിയിലേറെ ആളുകളാണ് പൗരത്വ പട്ടികിയില്‍ പേരുള്‍പ്പെടുത്താന്‍ വേണ്ടി അപേക്ഷ നല്‍കിയത്. ഇതില്‍ 19 ലക്ഷം പെരെയാണ് യഥാര്‍ത്ഥ പൗരന്മാരല്ലെന്ന കണ്ടെത്തിയത്.
ഇവര്‍ക്ക് ഇനി ഫോറിന്‍ ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കാം. അതിലും അവരുടെ പൗരത്വം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാം. എന്തായാലും ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്.