അതിര്‍ത്തി കടന്നുള്ള ഗതാഗത നിയമലംഘനത്തിന് സ്വന്തം നാട്ടില്‍ പണി കിട്ടും

0
167

തിരുവനന്തപുരം (www.mediavisionnews.in) :  സംസ്ഥാനത്തിനു പുറത്തുള്ള യാത്രകളില്‍ മോട്ടോര്‍വാഹന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ സൂക്ഷിക്കുക. പിഴ പിന്നാലെയെത്തും. നിരീക്ഷണ ക്യാമറകളിലും മറ്റു സംവിധാനങ്ങളിലും പകര്‍ത്തുന്ന നിയമലംഘനങ്ങളുടെ പിഴ അതത് സംസ്ഥാനങ്ങളില്‍ അടയ്ക്കണം. എന്നാല്‍ മാത്രമേ വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റം അടക്കമുള്ള സേവനങ്ങള്‍ ലഭിക്കൂ.

കേന്ദ്രീകൃത വാഹന രജിസ്ട്രേഷന്‍ സംവിധാനമായ ‘വാഹനി’ലേക്ക് സംസ്ഥാനത്തെ 1.40 കോടി വാഹനങ്ങളുടെ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചതോടെയാണ് മറ്റു സംസ്ഥാനങ്ങളിലെ നിയമലംഘനങ്ങളും ഓണ്‍ലൈനായത്. സംസ്ഥാനത്തെ വാഹനങ്ങളുടെ പൂര്‍ണവിവരങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കു ലഭിക്കും.നിയമലംഘനങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് ‘വാഹന്‍’ വെബ്സൈറ്റില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ ചെക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാം.

വാഹനത്തിന്റെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ക്കൊപ്പം പിഴ സംബന്ധിച്ച വിവരങ്ങളും കൂട്ടിച്ചേര്‍ക്കപ്പെടും.ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ് പരിശോധന, പെര്‍മിറ്റ് പുതുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മോട്ടോര്‍വാഹനവകുപ്പിനെ സമീപിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ പിഴകള്‍ സംബന്ധിച്ച വിവരങ്ങളും തെളിയും. പിഴയടച്ച് ചെക്ക് റിപ്പോര്‍ട്ട് പിന്‍വലിച്ചാല്‍ മാത്രമേ വാഹനില്‍നിന്നുള്ള തുടര്‍സേവനങ്ങള്‍ ലഭിക്കൂ.പിഴ രേഖപ്പെടുത്തിയ ഓഫീസില്‍നിന്നുതന്നെ ഓണ്‍ലൈന്‍ നിരാക്ഷേപപത്രം (എന്‍.ഒ.സി.) ലഭിക്കേണ്ടതുണ്ട്.

മറ്റു സംസ്ഥാനങ്ങളിലേക്കുള്ള പിഴയും ‘വാഹന്‍’ ഓണ്‍ലൈനില്‍ അടയ്ക്കാനാകുമെന്നതാണ് ഏക അശ്വാസം.മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ സംസ്ഥാനത്തിനുള്ളില്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കും ഇതേ രീതിയില്‍ പിഴ ഈടാക്കാനാകുമെന്നതാണു നേട്ടം. ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അന്തസ്സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ പിഴയടയ്ക്കാതെ രക്ഷപ്പെടുന്നത് ഇനി തടയാനാകും.

തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേരള വാഹനങ്ങളുടെ പഴയ നിയമലംഘനങ്ങളും ‘വാഹന്‍’ വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ജനുവരി അവസാനത്തോടെയാണ് സംസ്ഥാനത്തെ വാഹനങ്ങള്‍ പൂര്‍ണമായും വാഹനിലേക്ക് എത്തിയത്. ഇതിനുമുമ്പ് നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞിട്ടുള്ള നിയമലംഘനങ്ങളുടെ വിവരങ്ങള്‍ ഇപ്പോള്‍ വാഹനിലേക്ക് ചെക്ക് റിപ്പോര്‍ട്ടായി ഉള്‍ക്കൊള്ളിക്കുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here